12 July, 2022 08:25:17 AM


ഏറ്റുമാനൂർ പേരൂരില്‍ പാല്‍ വിതരണത്തിന് പോയ യുവതിയെ തെരുവുനായ കടിച്ചു



ഏറ്റുമാനൂർ: പേരൂരില്‍ പാല്‍ വിതരണത്തിന് പോയ യുവതിക്ക് നേരെ തെരുവുനായ ആക്രമണം. പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരൂര്‍ - പറേൽക്കടവ് റോഡില്‍ പുത്തൂര്‍ ഭാഗത്ത് സ്‌കൂട്ടറില്‍ പാല്‍ വിതരണത്തിന് പോകുമ്പോഴായിരുന്നു ലിയ എന്ന യുവതിയെ നായ ആക്രമിച്ചത്.

മൂന്ന് വീട്ടുകാര്‍ ഭക്ഷണം നല്‍കി സംരക്ഷിക്കുന്ന തെരുവ് നായയാണ് ആക്രമണം നടത്തിയത്. നായയ്ക്ക് ഭക്ഷണം നല്‍കുന്നത് നിര്‍ത്തണമെന്നും അല്ലെങ്കില്‍ നായെ പൂട്ടിയിട്ട് വളര്‍ത്തണമെന്നും പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും വീട്ടുകാര്‍ തയാറായില്ലെന്ന് പരാതിയുണ്ട്. ഇതിനോടകം ഒട്ടേറെ പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ അജിശ്രീ മുരളിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നായയെ പൂട്ടിയിടാന്‍ ഏറ്റുമാനൂര്‍ പൊലീസ് നിര്‍ദേശം നൽകി. ഏറ്റുമാനൂർ നഗരസഭാ പരിധിയിൽ തെരുവുനായ്ക്കളുടെ ശല്യം ഏറിവരികയാണ്. നായ്ക്കളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ നഗരസഭാ അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K