12 July, 2022 06:45:59 PM


പാലാ - കോഴ റോഡിൽ മിനിലോറി പത്തടി താഴ്ചയിലേയ്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്



പാലാ : കോഴ റോഡിൽ നിയന്ത്രണം വിട്ട മിനിലോറി പത്തടി താഴ്ചയിലേയ്ക് മറിഞ്ഞു. ലോറി ഡ്രൈവർ അടക്കം മൂന്നു പേർക്ക് പരിക്ക്. മണ്ണയ്ക്കനാട് വളകുഴി ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. എരുമേലിയിൽ നിന്നും ഇറച്ചിക്കോഴികളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

ലോറി ഡ്രൈവറടക്കം മൂന്നുപേരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ലോറി റോഡരികിലെ പോസ്റ്റിലിടിച്ച ശേഷമാണ് താഴ്ചയിലേക്ക് മറിഞ്ഞത്. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതപ്പെടുന്നു.

മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി. പോലീസ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപതിയിലെത്തിച്ചത്. അപകടവളവുകളേറെയുള്ള പാലാ കോഴ റോഡിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസവും മണ്ണയ്ക്കനാട് ജംഗ്ഷനു സമീപം കോഴികളെ കയറ്റിയെത്തിയ ലോറി അപകടത്തിൽ പെട്ടിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K