22 July, 2022 02:30:50 PM


വൈക്കത്ത് അഞ്ച് പേരെ തെരുവുനായ കടിച്ചു: പേവിഷബാധയെന്നു സംശയം; നായ ചത്തുവീണു



വൈക്കം : വൈക്കത്ത് തെരുവ് നായ ആക്രമണം. അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പേവിഷബാധയെന്ന് സംശയിക്കുന്ന നായ ചത്തു. വൈക്കം കിഴക്കേനടയിലും തോട്ടുവക്കത്തുമാണ് നായയുടെ ആക്രമണം ഉണ്ടായത്. തങ്കമ്മ (67), ചന്ദ്രൻ (70), ചന്ദ്രന്റെ സഹോദരൻ പുരുഷൻ(72), തങ്കമണി(65) ഷിബു (40) എന്നിവർക്കാണ് കടിയേറ്റത്. ഇതിൽ നെഞ്ചിനും, കൈക്കും, പുറത്തും കടിയേറ്റ പുരുഷനാണ് ഗുരുതര പരിക്ക്.

വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൈക്കം നഗരസഭ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് എത്തി ചത്ത നായയെ തിരുവല്ലയിലെ എ ഡി ഡി എൽ ലാബിലേക്ക് മാറ്റി. വൈക്കത്ത് മറ്റു പ്രദേശങ്ങളിൽ നായയുടെ ആക്രമം ഉണ്ടായതായും പറയുന്നു. പ്രദേശത്തെ കൂടുതൽ നായകൾക്ക് കടിയേറ്റതും പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. 

യാതൊരു പ്രകോപനവും കൂടാതെയാണ് നായ ആളുകളെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓടിവന്ന നായ ആളുകളെ കടിക്കുകയായിരുന്നു. ആളുകളെ ആക്രമിച്ച സ്ഥലത്തുതന്നെ നായ ചത്തുവീണു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നു പ്രദേശത്തെ മൃഗാശുപത്രി അധികൃതര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.ചത്ത നായയുടെ പോസ്റ്റ്മോര്‍ട്ടം നടത്തും. ഏറെ നാളുകളായി വന്ധ്യംകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

ഒരു മാസം മുമ്പും വൈക്കത്ത് തെരുവുനാ​യുടെ അക്രമത്തിൽ സ്ത്രീകളടക്കം ആറുപേർക്ക്​ പരിക്ക് പറ്റിയിരുന്നു​. അന്ന്  ഉദയനാപുരം നേരേകടവ് മഹാത്മ ലൈബ്രറിക്ക്​ സമീപ​ത്തെ വീടുകളിലുള്ളവർക്കാണ്​ തെരുവുനായ്ക്കളുടെ കടിയേറ്റത്. സമീപവാസിയായ ത്രിപ്പല്ലിക്കാട്ട് സുരേഷിന്‍റെ ആടുകളെയും തെരുവുനായ്​ കടിച്ച്​ പരിക്കേൽപിച്ചു. അന്നും നായയെ അടുത്ത തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K