19 August, 2022 06:49:52 PM


സര്‍ക്കാര്‍ സ്കൂളില്‍നിന്നും സിസിടിവി ക്യാമറാ മോഷ്ടിച്ച പത്തൊമ്പതുകാരന്‍ പിടിയിൽ



ചങ്ങനാശ്ശേരി: സി.സി.ടി.വി ക്യാമറാ മോഷ്ടിച്ച പത്തൊമ്പതുകാരന്‍ പിടിയിൽ. പായിപ്പാട് തൈയ്യാട്ടുകോളനിയിൽ തൈയ്യാട്ട് പാടിഞ്ഞേറേതിൽ  വീട്ടിൽ മനോഹരൻ മകൻ ശരത് ചന്ദ്രൻ (19) നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പായിപ്പാട് നാലുകോടിയിലുള്ള ഗവൺമെന്‍റ് സ്കൂളിന്‍റെ കഞ്ഞിപ്പുരയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. ഇയാള്‍ രാത്രി സമയങ്ങളില്‍ സ്കൂളിന്‍റെ ഭാഗത്ത് ഇരിക്കുന്നത് പതിവായിരുന്നു. 

മോഷണം നടത്തുന്നതിന്‍റെ  മുൻപുള്ള ദിവസങ്ങളിൽ സ്കൂളും പരിസരവും നിരീക്ഷിച്ചതിനുശേഷമാണ് ഇയാൾ കഞ്ഞിപ്പുരയിൽ ഇരുന്ന ക്യാമറ മോഷ്ടിച്ചത്. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തൃക്കൊടിത്താനം എസ്.എച്ച്.ഓ. അജീബ്. ഇ, എസ്.ഐ ബോബി വർഗീസ്, എ.എസ്.ഐ മാരായ സാൻജോ, ബിജുമോൻ, സി.പി.ഓ ശ്രീകാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K