12 September, 2022 02:10:43 PM


കോട്ടയം ചിങ്ങവനത്ത് കാർ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്ക്



കോട്ടയം: എം.സി റോഡിൽ ചിങ്ങവനത്ത് അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു. ചിങ്ങവനം മാവിളങ്ങലാണ് കാറിന്റെ അമിത വേഗത്തെ തുടർന്ന് രണ്ട് ബൈക്ക് യാത്രക്കാർക്ക് സാരമായി പരിക്കേറ്റത്. കൊല്ലം കൊട്ടാരക്കര അഞ്ചൽ നെട്ടയം രാമചന്ദ്രൻ നിവാസിൽ രാജേന്ദ്രൻ (58), സഞ്ജു (24) എന്നിവർക്കാണ് പരിക്കേറ്റത്. രാജേന്ദ്രനെ ജില്ലാ ജനറൽ ആശുപത്രിയിലും, സഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 


തിങ്കളാഴ്ച രാവിലെ 11 മണിയോടെ എം.സി റോഡിൽ മാവിളങ്ങിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാറാണ് അപകടം ഉണ്ടാക്കിയതെന്നു പൊലീസ് പറഞ്ഞു. കോട്ടയം ഭാഗത്തു നിന്നും മറ്റു വാഹനങ്ങളെ മറികടന്ന് അമിത വേഗത്തിൽ എത്തിയ കാർ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചാണ് രണ്ടു പേരും വീണത്.  അപകടത്തെ തുടർന്ന് എം.സി റോഡിൽ ഇരുപത് മിനിറ്റോളം ഗതാഗതവും തടസപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K