21 October, 2022 08:46:51 PM


ഏറ്റുമാനൂര്‍ തെള്ളകത്ത് കാറും ബൈക്കുകളും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്



ഏറ്റുമാനൂര്‍: എം.സി.റോഡില്‍ തെള്ളകം 101 കവലയ്ക്ക് സമീപം കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ രണ്ടു ബൈക്കുകളിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഇതുവഴി എത്തിയ ആംബുലൻസിലും എക്‌സൈസിന്റെ ജീപ്പിലുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെ ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ സ്വിഫ്റ്റ് കാർ, എതിർ ദിശയിൽ നിന്നും എത്തിയ രണ്ട് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് ബൈക്ക് യാത്രക്കാർ തെറിച്ചു വീണു. അപകടത്തിൽ കാറിന്‍റെ എയർ ബാഗ് പൊട്ടിയിട്ടുണ്ട്. പരിക്കേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമികശുശ്രൂഷകള്‍ക്കുശേഷമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K