30 April, 2023 06:37:08 PM


ആര്‍ഭാടങ്ങളില്ല; കരുണയുടെ കരസ്പര്‍ശവുമായി എസ്ഐ സുരേഷ് പടിയിറങ്ങി



കോട്ടയം: സാധാരണ കാണാറുള്ള വിരമിക്കല്‍ ചടങ്ങിന്‍റെ ആര്‍ഭാടങ്ങളില്ലാതെ കരുതലിന്‍റെ കരസ്പര്‍ശവുമായി പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.എന്‍. സുരേഷ് പടിയിറങ്ങി. ഇനി സര്‍വീസില്‍നിന്നും വിരമിക്കാനിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു പ്രചോദനവും സന്ദേശവും നല്‍കികൊണ്ടുള്ള സുരേഷിന്‍റെ നടപടി പോലീസ് സേനയിലാകെ ചര്‍ച്ചയായി.


പോലീസ് വിജിലന്‍സ് കോട്ടയം ഓഫീസിലെ സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍നിന്നാണ് പാമ്പാടി കുറിയന്നൂര്‍കുന്നേല്‍ കെ.എന്‍.സുരേഷ് ഇന്ന് വിരമിച്ചത്. ഇന്ന് ഓഫീസ് അവധിയായതിനാല്‍ സഹപ്രവര്‍ത്തകര്‍ ഇന്നലെ ഇദ്ദേഹത്തെ വീട്ടില്‍ കൊണ്ടുചെന്നാക്കി. എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വിരുന്ന് നല്‍കുന്ന പതിവുശൈലി സുരേഷ് വേണ്ടെന്നുവെച്ചു. അതിനുവേണ്ടിവരുന്ന പണം കാരുണ്യപ്രവര്‍ത്തനത്തിന് വിനിയോഗിക്കാനായിരുന്നു സുരേഷിന്‍റെ തീരുമാനം.


നാട്ടില്‍ അര്‍ബുദം പിടിപെട്ട നാലുവയസുള്ള കുട്ടിയുടെ ചികിത്സാചെലവിനായി ഈ പണം ഉപയോഗിക്കാനുള്ള സുരേഷിന്‍റെയും കുടുംബത്തിന്‍റെയും തീരുമാനത്തെ സഹപ്രവര്‍ത്തകരും സ്വാഗതം ചെയ്തു. സാധാരണ രീതിയില്‍ വിരുന്നൊരുക്കുന്നതിന് ഒരു ലക്ഷം രൂപയെങ്കിലും ചെലവ് വരുമെന്നാണ് സുരേഷ് കണക്കാക്കിയത്. ഈ തുകയാണ് കുട്ടിയുടെ ചികിത്സക്കായി മാറ്റിവെക്കുന്നതെന്ന് അദ്ദേഹം കൈരളി വാര്‍ത്തയോട് പറഞ്ഞു. 30 വര്‍ഷത്തെയും മൂന്ന് മാസത്തെയും സേവനത്തിന് ശേഷമാണ് സുരേഷ് സേനയില്‍നിന്ന് വിരമിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K