05 May, 2023 08:23:03 PM


ഇല്ലിക്കൽ- കൈപ്പുഴമുട്ട് റോഡ് നിർമ്മാണം ഭൂമി ഏറ്റെടുക്കാൻ 21 കോടി



കോട്ടയം: കുമരകം റോഡിൽ ഇല്ലിക്കൽ മുതൽ കൈപ്പുഴമുട്ടുവരയുള്ള ഭാഗത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾക്കായി കിഫ്ബി 21,13,56,489 രൂപ അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഇല്ലിക്കൽ പാലം മുതൽ കൈപ്പുഴമുട്ട് വരെയുള്ള 13.3 കിലോമീറ്റർ റോഡ് വികസിപ്പിക്കുന്നതിനാണ് കിഫ്ബി പണം നൽകിയിട്ടുള്ളത്. വീതി കുറവുള്ള സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിനും നഷ്ട പരിഹാരം നൽകുന്നതിനും വേണ്ടിയാണ്  ഈ തുക അനുവദിച്ചിരിക്കുന്നത്.

പാടശേഖരം വരുന്ന രണ്ടര കിലോമീറ്ററോളം സ്ഥലത്തൊഴികെ ബാക്കി എല്ലായിടത്തും റോഡിന് 13.6 മീറ്ററായിരിക്കും വീതി. വളവുകൾ കുറച്ച് , വെള്ളം കയറാത്ത രീതിയിൽ റോഡ് നിർമ്മിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
 ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തിന്‍റെ സമഗ്രമായ 'വികസനം മുന്നിൽകണ്ടുകൊണ്ടുള്ള റോഡ് വികസനമാണ് നടപ്പിലാക്കുന്നത്. ഉന്നത നിലവാരത്തിൽ റോഡ് നിർമ്മാണം  എത്രയും വേഗം പൂർത്തീകരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും  മന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K