05 June, 2023 08:34:45 PM


ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണു



കോട്ടയം: കോട്ടയത്ത് പാമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണു. പാമ്പാടി കൂരോപ്പട റോഡിൽ വൈകുന്നേരം 6 മണിയോടെയാണ് കുന്നേൽ വളവിന് സമീപം കൊച്ചുവയലിൽപ്പടി ഭാഗത്ത് അപകടം ഉണ്ടായത്. കോട്ടയം - പള്ളിക്കത്തോട് റൂട്ടിലോടുന്ന നരിമറ്റത്തിൽ ബസിന് മുകളിലേക്കാണ് മൂന്ന്  വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞു വീണത്.

റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിനിടയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ പോസ്റ്റുകൾ ചെരിഞ്ഞ്  ബസിനു മുകളിലേക്ക് വീഴുകയായിരുന്നു. വൈദ്യുതി ലൈനുകൾ ഓഫ് ആയിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഒന്നുമുണ്ടായില്ല. എന്നാൽ ഗതാഗത തടസം നേരിട്ടതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K