22 June, 2023 07:20:15 PM


എം ജി സർവ്വകലാശാലയിലേക്ക് നടത്തിയ കെഎസ്‌യു മാര്‍ച്ചിന് നേരെ പോലീസിൻ്റെ അസഭ്യവര്‍ഷം



കോട്ടയം: എം.ജി  സർവകലാശാലയിൽ നിന്ന് ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ സർവകലാശാല ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസുകാരന്‍റെ അസഭ്യ വര്‍ഷം.

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ മതിൽ ചാടി അകത്തു കടക്കാൻ ശ്രമിച്ചതോടെ ഇവർ ഓഫീസ് കവാടത്തിൽ കുത്തിയിരുപ്പ് സമരം നടത്തി. തുടർന്ന് പോലീസും, പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം ഉണ്ടായതിനിടയാണ് അസഭ്യം പറഞ്ഞത്.

കെ എസ് യു മുൻ സംസ്ഥാന ഭാരവാഹിയും, കടുത്തുരുത്തി ബ്ലോക്ക് കീഴൂർ ഡിവിഷൻ അംഗവുമായ സുബിൻ മാത്യുവിനെ മർദ്ദിക്കുകയും, വസ്ത്രങ്ങൾ വലിച്ചു കീറി നിലത്തിട്ടു വലിച്ചിഴച്ചതായുമാണ് ആരോപിച്ചിരിക്കുന്നത്. ഇതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

പ്രവർത്തകർ ആദ്യം പൊലീസിനെ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. പ്രവർത്തകർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചിരുന്നു. ഗാന്ധിനഗർ പൊലീസ് പിന്നീട്  പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K