23 June, 2023 08:21:16 AM


ഔഷധസസ്യപരിപാലന പദ്ധതിയുമായി ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍



ഏറ്റുമാനൂര്‍: ഔഷധസസ്യപരിപാലനത്തില്‍ പുതിയ കര്‍മ്മപദ്ധതിയുമായി ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍. അംഗങ്ങള്‍ക്ക് ഔഷധസസ്യങ്ങളുടെ തൈകള്‍ വിതരണം ചെയ്യുന്നതിന്‍റെ ഉദ്ഘാടനം അധ്യാപകനായ എസ്.എന്‍. ശ്രീജിയ്ക്ക് ആദ്യതൈ നല്‍കിക്കൊണ്ട് പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് നിര്‍വഹിച്ചു. 


അര്‍ബുദനാശിനി, കന്‍റോല എന്നീ സസ്യങ്ങളുടെ തൈകള്‍ അംഗങ്ങള്‍ക്ക് ലഭ്യമാക്കികൊണ്ടാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഭാവിയില്‍ കൂടുതല്‍ തൈകള്‍ വിതരണം ചെയ്യുമെന്നും എല്ലാ ഭവനങ്ങളിലും ഔഷധസസ്യങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുമെന്നും പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് പറഞ്ഞു. വീട്ടമ്മമാര്‍ക്കായുള്ള 'അടുക്കളത്തോട്ടം' പദ്ധതിയുടെ ഭാഗമായി പച്ചക്കറിവിത്തുകളും തൈകളും ഉടന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


വൈസ് പ്രസിഡന്‍റ് രാജു സിറിയക് അധ്യക്ഷനായിരുന്നു. സെക്രട്ടറി ബി.സുനില്‍കുമാര്‍, ട്രഷറര്‍ എന്‍.വിജയകുമാര്‍, എസ്.ആര്‍.പത്മകുമാര്‍, കമ്മറ്റി അംഗങ്ങളായ എം.എസ്.അപ്പുക്കുട്ടന്‍ നായര്‍, എസ് ദിലീപ്കുമാര്‍, ബിജു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K