25 July, 2023 03:18:49 PM


കുറിച്ചിയിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം



കോട്ടയം: എംസി റോഡിൽ കുറിച്ചി കാലായിപ്പടിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറി തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം. സ്വാമി ദൊരൈയാണ് മരിച്ചത്.

അപകടത്തിൽപ്പെട്ട കാറോടിച്ചിരുന്ന തിരുവനന്തപുരം വിതുര സ്വദേശി വിഷ്ണുവിനും പ്രദേശവാസിയായ സിവിൽ പൊലീസ് ഓഫിസർക്കും അടക്കം 5 പേർക്ക് പരിക്കേറ്റു. നാലു പേരും വഴിയാത്രക്കാരായിരുന്നു.

ഇന്ന് രാവിലെ കുറിച്ചി കാലായിപ്പടിയിലായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു വിഷ്ണു. ഈ സമയം നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കടയിൽ നിൽക്കുകയായിരുന്നു സ്വാമി ദൊരൈ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

കടയിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടമായ കാർ ഇതുവഴി എത്തിയ മറ്റൊരു ബൈക്കിലും ഇടിച്ചു. ഈ സമയം പ്രഭാത സവാരിക്കു ശേഷം വരുകയായിരുന്ന പൊലീസ് ഉദ്യോസ്ഥൻ സഞ്ചരിച്ച ബൈക്കിലും ഇടിച്ചു. തട്ടുകടയിൽ ഈ സമയം ഉണ്ടായിരുന്ന ജീവനക്കാരന് കടയിലെ തിളച്ച പാൽ തെറിച്ചു വീണു പൊള്ളലേറ്റിട്ടുമുണ്ട്.

അപകടത്തെ തുടർന്ന് എം.സി റോഡിൽ നേരിയ ഗതാഗത തടസവുമുണ്ടായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് സ്വാമി ദൊരൈയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പരുക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K