05 September, 2023 08:17:10 PM


ബൈക്ക് മോഷണം: കിടങ്ങൂരിൽ യുവാവ് അറസ്റ്റിൽ



കിടങ്ങൂർ: കിടങ്ങൂരിൽ ബൈക്ക് മോഷണക്കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം പായിക്കാട്ടുമല ഭാഗത്ത് ചെമ്മലായിൽ വീട്ടിൽ ടോണി ടോമി (23) എന്നയാളെയാണ് കിടങ്ങൂർ  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം 24 ആം തീയതി ഏറ്റുമാനൂർ മന്ദിരം കവല ഭാഗത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് ലക്ഷം രൂപയോളം അടുത്ത് വില വരുന്ന ബൈക്ക് മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. 

പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  ശാസ്ത്രീയമായ പരിശോധനയിലൂടെ  മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. ഇയാൾ രാമപുരം ചിറകണ്ടം ഭാഗത്ത് പ്രവർത്തിക്കുന്ന ടൂവീലർ വർഷോപ്പിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച്  മന്ദിരം ഭാഗത്ത് എത്തി കയ്യിലിരുന്ന സ്കൂട്ടർ അവിടെ ഉപേക്ഷിച്ചതിനു ശേഷം അവിടെ ഇരുന്നിരുന്ന ബൈക്കുമായി കടന്നുകളയുകയായിരുന്നു.

ഇയാൾ രാമപുരം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ റെനീഷ് റ്റി. എസ്, എസ്.ഐ കുര്യൻ മാത്യു, എ.എസ്.ഐ മഹേഷ് കൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K