12 September, 2023 03:10:50 AM


ഏറ്റുമാനൂരിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ



ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. കോടതിപ്പടി ഭാഗത്ത് വിവിധയിടങ്ങളിലായാണ് ആറ് നായ്ക്കളെ ചത്ത നിലയിൽ കണ്ടത്. ഏതാനും നായ്ക്കൾ അവശനിലയിലുമാണ്. വിഷാംശം ഉള്ളിൽ ചെന്നതിനെ തുടർന്നാകണം  കൂട്ടത്തോടെ തെരുവ് നായ്ക്കൾ ചത്തൊടുങ്ങിയതെന്ന് മൃഗാശുപത്രി അധികൃതർ പറഞ്ഞു.

ഏറ്റുമാനൂരിലെ കുന്നുംപുറത്ത് കോടതികൾക്കും, മൃഗാശുപത്രിയ്ക്കും, കെഎസ്ഇബി ഓഫീസ് പരിസരത്തുമായാണ് നാല് നായ്ക്കുട്ടികളും, രണ്ട് നായ്ക്കളും ചത്തു കിടന്നത്. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും സമീപ വാസികളും ചേർന്ന് പരിപാലിച്ചിരുന്ന നായ്ക്കളിൽ ഏതാനും  കൂടി ചത്തിട്ടുണ്ട്.

വിഷം ചേർത്ത മാംസം ഇട്ടു നൽകിയതാണ് നായ്ക്കൾ കൂട്ടത്തോടെ ചാകുവാൻ കാരണമായതെന്ന് പറയപ്പെടുന്നു. ഗുരുതരാവസ്ഥയിലായ രണ്ട് നായ്ക്കൾക്ക് അടിയന്തര ചികിത്സ നൽകി ജീവൻ രക്ഷപെടുത്തി. ചത്ത നായ്ക്കളെ നഗരസഭാധികൃതരുടെ നേതൃത്വത്തിൽ മറവ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K