25 September, 2023 07:43:48 PM


കാപ്പ നിയമലംഘനം: വാകത്താനം സ്വദേശി യുവാവ്‌ അറസ്റ്റിൽ



വാകത്താനം: കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന്  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം മണികണ്ഠപുരം ഭാഗത്ത് ചിറപ്പുപറമ്പിൽ വീട്ടിൽ അജയ് ഷാജി (25)  എന്നയാളെയാണ് വാകത്താനം  പോലീസ് അറസ്റ്റ് ചെയ്തത്. 

വാകത്താനം സ്റ്റേഷനിൽ  സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളിൽ പ്രതിയായ ഇയാള്‍ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ  ഒന്‍പതു മാസത്തേക്ക് കാപ്പ നിയമനടപടി നേരിട്ടു വരികയായിരുന്നു. ഇതിൻ പ്രകാരം ഇയാൾ ആഴ്ചയിൽ ഒരു ദിവസം ചങ്ങനാശ്ശേരി ഡി.വൈ.എസ്പി മുമ്പാകെ ഹാജരാകണമെന്ന ഉത്തരവ് നിലനിന്നിരുന്നു. 

എന്നാൽ ഇയാൾ ഇത് ലംഘിച്ചു കൊണ്ട്  ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന്  വാകത്താനം  പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. വാകത്താനം  സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K