10 November, 2023 10:36:23 AM


അതിരമ്പുഴയിലെ യുവതിയുടെ മരണം: പോലീസ് അന്വേഷണം ആരംഭിച്ചു



ഏറ്റുമാനൂർ: അതിരമ്പുഴയിൽ യുവതിയെ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്റുമാർട്ടം  റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലാണ് ഏറ്റുമാനൂർ പൊലീസ് കേസെടുത്തത്.

അതിരമ്പുഴ കാട്ടുപാറ സ്വദേശിയായ ഷൈമോൾ സേവ്യറി(24)നെയാണ് ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. 

ഷൈമോളുടെ മരണം അസ്വഭാവിക മരണത്തിലേക്ക് വിരൽ ചൂണ്ടും വിധം മൃതദേഹത്തിൽ പരിക്കുകളുണ്ടായിരുന്നതായി പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ മരണം ഭർതൃ പീഡനത്തെ തുടർന്നെന്ന് ആരോപിച്ചു യുവതിയുടെ കുടുംബം നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു.

നാലു വർഷം മുൻപായിരുന്നു ഷൈമോളും ഭർത്താവ് അനിലും സ്നേഹിച്ചു വിവാഹം കഴിച്ചത്. വിവാഹ ശേഷം ഇവരുടെ ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും വഴക്കുകൾ ഉണ്ടാവുകയും ചെയ്തിരുന്നു. അനിൽ ഭാര്യയെ നിരന്തരം മർദിച്ചിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ ദിവസം വഴക്കുണ്ടായതിനെ തുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാൽ അനിൽ പിന്നാലെ എത്തി ഇനി വഴക്കുണ്ടാകില്ലെന്ന് നൽകിയ ഉറപ്പിനെ തുടർന്നാണ് തിരികെ പോയത്. എന്നാൽ പിറ്റേ ദിവസം അനിൽ മർദിച്ചതായി ഷൈമോൾ മാതാവിനെ വിളിച്ചു പറഞ്ഞു. തൊട്ട് പിന്നാലെ ഷൈമോൾ മരിച്ചതായുള്ള വിവരവും വീട്ടിലേക്കെത്തുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K