15 November, 2023 12:00:19 PM


കോട്ടയത്ത് നിന്നും കാണാതായ സ്കൂൾ വിദ്യാർഥികളെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ കണ്ടെത്തി



ഏറ്റുമാനൂർ: ആശങ്കകൾക്ക് ഒടുവിൽ ആശ്വാസമായി കോട്ടയത്ത് നിന്നും കാണാതായ സ്കൂൾ വിദ്യാർഥികളെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്നും കണ്ടെത്തി. രണ്ട് രാത്രിയും, ഒരു പകലും നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് കോട്ടയം നട്ടാശ്ശേരി സ്വദേശികളായ പ്ലസ് വൺ, എസ്എസ്എൽസി വിദ്യാർഥികളായ ആൺകുട്ടികളെ കണ്ടെത്തിയത്. അയൽവാസികളായ ഇവർ ഉറ്റസുഹൃത്തുക്കളാണ്.

തിങ്കളാഴ്ച്ച ഇവർ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയിരുന്നെങ്കിലും ക്ലാസിൽ കയറിയില്ല. ഈ വിവരം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് വഴക്കു പറയുമോ എന്നുള്ള പേടിയിലാണ് വിദ്യാർഥികൾ തിങ്കൾ രാത്രിയിൽ ധരിച്ചിരുന്ന വസ്ത്രത്തോടെ വീടുവിട്ടിറങ്ങിയത് എന്നാണ് സൂചന.

കുട്ടികളെ കാണാതായതോടെ ഗാന്ധിനഗർ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് ഇവർ പോകാൻ സാധ്യതയുള്ള പ്രദേശങ്ങളും, കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്തിയിരുന്നു. ബന്ധുക്കുളുടെയും, സുഹൃത്തുക്കളുടെയും വീടുകൾ, ഇവർ സ്ഥിരമായി പോകാറുള്ള സ്ഥലങ്ങൾ എല്ലാം പോലീസ് എത്തി പരിശോധിച്ചിരുന്നു.

പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിനുള്ളിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ  അപരിചിതരായവരെ കണ്ടതിനെ തുടർന്ന് ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരൻ നൽകിയ വിവരത്തെ തുടർന്നാണ് കാണാതായ വിദ്യാർഥികളാണ് ഇവർ എന്ന് മനസ്സിലാക്കിയത്. കുട്ടികളെ കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കളെ ഏൽപ്പിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K