28 December, 2023 06:36:03 PM


പുതുവത്സരാഘോഷത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി കോട്ടയം ജില്ലാ പോലീസ്

 

കോട്ടയം:  ഇത്തവണ ജില്ലയിലെ പുതുവത്സാരാഘോഷങ്ങള്‍ക്ക്  ശക്തമായ സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു. ഇതിനായി 1500 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് സംഘങ്ങളുണ്ടാകും. പ്രധാന ഇടങ്ങളിൽ മഫ്ടി പോലീസിന്‍റെ സാന്നിധ്യമുണ്ടാകും. 

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നവരേയും, നിരോധിത മയക്കുമരുന്നുകളുടെ വിൽപ്പന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിനും പരിശോധനകൾ ഊർജ്ജിതമാക്കും. 

അനധികൃത മദ്യ നിർമ്മാണം, ചാരായ വാറ്റ്, സെക്കന്റ്സ് മദ്യ വിൽപ്പന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പെട്രോളിങ് ഏർപ്പെടുത്തിയിട്ടുമുണ്ട്. 

ജില്ലയിൽ കാപ്പാ നിയമനടപടി സ്വീകരിച്ചിട്ടുള്ളവരെയും, ക്രിമിനൽ പശ്ചാത്തലമുള്ളവരെയും നിരീക്ഷിക്കുന്നതിനായി പ്രത്യേകം സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ ആഘോഷങ്ങൾ നടക്കുന്നതിനിടയിൽ പൊതുജനശല്യമുണ്ടാക്കുന്നവരേയും, സ്ത്രീകളേയും, കുട്ടികളേയും ശല്യം ചെയ്യുന്നവരേയും നിരീക്ഷിക്കാൻ വനിതാപോലീസിനെ ഉൾപ്പെടുത്തി മഫ്ടി പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. 

ലഹരി വസ്തുക്കള്‍ ജില്ലയില്‍ എത്തുന്നത് തടയുന്നതിന്റെ ഭാഗമായി ജില്ലാ അതിർത്തികളിൽ പോലീസിന്റെ പ്രത്യേക പരിശോധനയുണ്ടാകും. ആവശ്യമെങ്കിൽ മുൻകരുതലെന്നോണം റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരെയും, ആന്റി സോഷ്യലുമായവരെ അതാത് സ്റ്റേഷനുകളിൽ കരുതൽ തടങ്കലിൽ വയ്ക്കുന്നതിന്  പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ന്യൂഇയര്‍, ഡി.ജെപാർട്ടികള്‍ പോലീസിന്റെ കര്‍ശന   നിരീക്ഷണത്തിലായിരിക്കുമെന്നും, പാർട്ടികളും മറ്റും നടത്തുന്ന സംഘാടകർ പരിപാടിക്കായി മുൻകൂട്ടി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ നിന്നും അനുമതി വാങ്ങുകയും,പരിപാടികളിൽ ലഹരി വസ്തുക്കൾ ഉപയോഗം നടക്കുന്നില്ല എന്ന് സംഘാടകർ ഉറപ്പുവരുത്തിയിരിക്കണമെന്നും എസ്.പി.പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K