03 January, 2024 12:32:14 PM


കിടങ്ങൂർ ചെമ്പിളാവിൽ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി; ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു



കോട്ടയം: കിടങ്ങൂർ ചെമ്പിളാവിൽ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. ചെമ്പിളാവ് പാദുവ റൂട്ടിൽ കുമ്മണ്ണൂർ ഭാഗത്ത് കരയ്ക്കാട്ടിൽ മാത്യു ദേവസ്യയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പടക്ക നിർമ്മാണ ശാലയിലാണ് ഇന്ന് രാവിലെ പത്തരയോടെ പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പടക്ക നിർമ്മാണ ശാലയിലെ തൊഴിലാളി ജോജി (24)ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.

ഇയാളെ നാട്ടുകാരുടെയും വാർഡ് മെമ്പർ ബോബി മാത്യുവിന്റെയും നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനോട് ചേർന്ന് നിർമ്മിച്ച ഷെഡിലാണ് പടക്ക നിർമ്മാണം നടത്തിയിരുന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പൊട്ടിത്തെറിയെത്തുടർന്ന് ഷെഡ് പൂർണ്ണമായി കത്തിനശിച്ചു.

വിവരമറിഞ്ഞു സഥലത്തെത്തിയ വാർഡ് മെമ്പറും നാട്ടുകാരും ചേര്‍ന്ന് തീ കെടുത്തുകയും വലിയ അപകടം ഒഴിവാക്കുകയും ചെയ്‌തതായി പ്രദേശ വാസികൾ പറഞ്ഞു. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K