16 January, 2024 07:04:15 PM


വിദ്യാര്‍ഥി വെല്ലുവിളിച്ചു; സ്റ്റേജില്‍‌ പുഷ് അപ്പ് ചെയ്ത് നടന്‍ ഉണ്ണി മുകുന്ദന്‍



കോട്ടയം: വിദ്യാര്‍ഥിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രസംഗത്തിനിടെ സ്റ്റേജില്‍‌ പുഷ് അപ്പ് ചെയ്ത് നടന്‍ ഉണ്ണി മുകുന്ദന്‍. ഒപ്പം വെല്ലുവിളിച്ച വിദ്യാര്‍ഥിയെയും ഒപ്പം കൂട്ടി. ഒടുവില്‍ അടിയറവ് പറയേണ്ടി വന്നെങ്കിലും പ്രിയനടനോടൊപ്പം ഗുരുക്കന്മാരുടെ സാന്നിധ്യത്തില്‍ പുഷ് അപ്പ് ചെയ്യാന്‍ അവസരം ലഭിച്ചതിന്‍റെ ത്രില്ലിലാണ് മാന്നാനം കെ.ഇ.ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ജോണ്‍.

മാന്നാനം കെ.ഈ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വാര്‍ഷികമായ 'നിറചാര്‍ത്ത്' ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെ വിദ്യാര്‍ഥികളോട് സംവദിക്കാന്‍ ഒരുങ്ങിയപ്പോഴാണ് നടനോട് പുഷ് അപ്പ് ചെയ്യുന്നതിന്‍റെ കാര്യം ചോദിച്ച് ജോണ്‍ എഴുന്നേറ്റത്. ഇപ്പോള്‍ 50 പുഷ് അപ്പ് എടുക്കാമോ എന്ന് ചോദിച്ച ജോണിനെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയ ഉണ്ണി മുകുന്ദന്‍ തന്‍റെ മൊബൈല്‍ ഫോണും വാച്ചും പേഴ്സും എല്ലാം മാറ്റിവെച്ച് ആരാധകനോടൊപ്പം പുഷ് അപ്പ് ചെയ്തത് സ്റ്റേജിലിരുന്ന പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരിയും വിശിഷ്ടാതിഥികളും അത്ഭുതത്തോടെയാണ് നോക്കിയിരുന്നത്. ഹര്‍ഷാരവം മുഴക്കി വിദ്യാര്‍ഥികളും അധ്യാപകരും ഇവരെ പ്രോത്സാഹിപ്പിച്ചു.

സ്കൂളിലെ ജിം ഇന്‍സ്ട്രക്ടര്‍ ജോണി പുഷ് അപ്പില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചയാളായിരുന്നു. പുഷ് അപ്പിനൊടുവില്‍ മൈക്കിന് മുന്നിലെത്തിയ ഉണ്ണി മുകുന്ദന്‍ നല്ല ഭക്ഷണവും വ്യായാമവും ശീലിക്കേണ്ടതിന്‍റെ ആവശ്യകതയും കുട്ടികളെ പറഞ്ഞു മനസിലാക്കി.   
    




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K