20 January, 2024 10:32:52 PM


എരുമേലിയില്‍ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന കഞ്ചാവ് കേസ് പ്രതി പിടിയിൽ



എരുമേലി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന കഞ്ചാവ് കേസിലെ പ്രതിയെ വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. ഇടുക്കി കരുണാപുരം, ചേറ്റുകുഴി ഭാഗത്ത് വട്ടോളിൽ വീട്ടിൽ സഞ്ജു വർഗീസ് (33) എന്നയാളെയാണ്  എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 2013 ഡിസംബർ 23 ആം തീയതി എരുമേലി പേട്ടകവല ഭാഗത്ത് വെച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. ഇത്തരത്തിൽ കോടതിയിൽ നിന്നും  ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാസ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു. എരുമേലി സ്റ്റേഷൻ എസ്. ഐ ശാന്തി കെ.ബാബു, സി.പി.ഓ മാരായ മനോജ്, ബോബി സുധീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K