22 January, 2024 06:25:10 PM


അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; കോട്ടയം ജില്ലയിൽ 15.69 ലക്ഷം വോട്ടർമാർ



കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യഞ്ജത്തിന്റെ ഭാഗമായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പറഞ്ഞു. കളക്‌ട്രേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. 

ജില്ലയിൽ മൊത്തം 15,69,463 വോട്ടർമാരാണുള്ളത്. 8,07,513 സ്ത്രീകളും 7,61,938 പുരുഷൻമാരും 12 ട്രാൻസ്‌ജെൻഡറുകളുമുണ്ട്. 51,830 മുതിർന്ന വോട്ടർമാരും 14,750 ഭിന്നശേഷിക്കാരുമുണ്ട്. 1517 പ്രവാസി വോട്ടർമാരുണ്ട്. 26715 പുതിയ വോട്ടർമാരുണ്ട്. 31854 പേരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2328 പേർ വിവിധ മണ്ഡലങ്ങളിലേക്ക് പേര് മാറ്റിയിട്ടുണ്ട്. 
 
പുതിയ വോട്ടർമാർ നിയമസഭാ മണ്ഡലം തിരിച്ച്

പുതുപ്പള്ളി-6320
പൂഞ്ഞാർ-3004
ചങ്ങനാശേരി-2905
പാലാ-2810
കാഞ്ഞിരപ്പള്ളി-2674
കടുത്തുരുത്തി-2669
കോട്ടയം-2247
ഏറ്റുമാനൂർ-2130
വൈക്കം-1956


അന്തിമ വോട്ടർപട്ടിക വില്ലേജ്, താലൂ്ക് ഓഫീസുകളിലും വെബ്‌സൈറ്റിലും ലഭിക്കും. അംഗീകൃത രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്ക് പട്ടികയുടെ പകർപ്പ് തഹസിൽദാരിൽനിന്ന് വാങ്ങാം. 

ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും വി.വി. പാറ്റ് മെഷീനും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള വോട്ടുവണ്ടിയുടെ പര്യടനം ജില്ലയിൽ ആരംഭിച്ചു. കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം നിർവഹിച്ചു. ദേശീയ സമ്മതിദാനദിനമായ ജനുവരി 25ന് കോട്ടയം സി.എം.എസ്. കോളജിൽ ജില്ലാതലദിനാഘോഷം നടക്കും. 

ഏറ്റവും കൂടുതൽ ഇ-റോൾ എൺറോൾമെന്റ് നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരങ്ങളും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്യും. പുതിയ വോട്ടർമാരെ ആദരിക്കും. സ്വീപ്പ് ജില്ലാ ഐക്കൺ ശ്രുതി സിത്താര സമ്മതിദായകദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എം.എച്ച്. ഹരീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K