24 January, 2025 07:59:59 PM
വിദ്യാര്‍ഥികള്‍ ബഹിരാകാശ പഠന സാധ്യതകള്‍ പ്രയോജനപ്പെടുത്തണം- ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍

കോട്ടയം: ബഹിരാകാ പഠന മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ പരിശ്രമിക്കണമെന്ന് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍ ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ നിര്‍ദേശിച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ പി.കെ. അയ്യങ്കാര്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങള്‍ പിന്നിടും തോറും വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്ര മേഖലയാണ് ബഹിരാകാശ പഠനം. വിവിധ പഠനാവശ്യങ്ങള്‍ക്കായി ഉപഗ്രഹങ്ങള്‍ തയ്യാറാക്കി വിക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ സജീവമാണിപ്പോള്‍. മികച്ച ആശയങ്ങളുമായി വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഐ.എസ്.ആര്‍.ഒ മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കുന്നുണ്ട്. ഇത്തരം ആശയങ്ങള്‍ക്കായി കൂട്ടായ പരിശ്രമം നടത്തണം- അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
കേരള ശാസ്ത്ര കോണ്‍ഗ്രസിനു മുന്നോടിയായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍(കെ.എസ്.സി.എസ്.ടി.ഇ) എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് പ്രഫ. കെ.പി. സുധീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.
സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, കെ.എസ്.സി.എസ്.ടി.ഇ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ബിനൂജ തോമസ് എന്നിവര്‍ സംസാരിച്ചു. കെ.എസ്.സി.എസ്.ടി.ഇ, കേരള കാര്‍ഷിക സര്‍വകലാശാല, മഹാത്മാ ഗാന്ധി സര്‍വകലാശാല, കേരള വന ഗവേഷണ കേന്ദ്രം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.