01 August, 2025 11:00:35 AM


കോട്ടയത്ത് ലഹരി ഉപയോഗിച്ച് അപകടകരമായി വാഹനമോടിച്ച് കെഎസ്‌യു നേതാവ്



കോട്ടയം: കോട്ടയം നഗരത്തില്‍ ലഹരി ഉപയോഗിച്ച് അപകടകരമായി കാറോടിച്ച് കെ.എസ്.യു നേതാവ്.  നാലുകിലോമീറ്ററോളം കാറോടിച്ച് നടത്തിയ പരാക്രമത്തില്‍ ഇടിച്ചുതെറിപ്പിച്ചത് ഏഴ് വാഹനങ്ങളെ. നിര്‍ത്താതെ പാഞ്ഞുപോയ കാര്‍ പിന്നീട് മരത്തിലിടിച്ചുനിന്നു. പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ കാണുന്നത് അര്‍ധബോധാവസ്ഥയില്‍ കാറിനുള്ളില്‍ വിദ്യാർത്ഥി കിടക്കുന്നതാണ്. സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുടെ പ്രതിഷേധത്തിനും വിദ്യാർ‌ത്ഥി ഇരയായി. അബോധാവസ്ഥയില്‍ വഴിയില്‍കിടക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

സിഎംഎസ് കോളേജിലെ ബി എ കമ്മ്യൂണിക്കേ‌റ്റീവ് ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായ ജൂബിൻ ജേക്കബാണ് അപകടകരമായ വിധം വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടക്കുമ്പോൾ ഇയാൾ ലഹരിയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പറയുന്നു. ജൂബിൻ കെ എസ് യു നേതാവും രാജീവ് ഗാന്ധി ഫൗണ്ടേഷൻ ജില്ലാ ഭാരവാഹിയുമാണ്.

കോട്ടയത്ത് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കാര്‍ റേസിങ്ങിന് തുടക്കം. സിഎംഎസ് കോളേജ് റോഡിലൂടെ അമിതവേഗത്തില്‍ ഓടിച്ച കാര്‍ മുന്‍പില്‍പോയതും എതിരേവന്നതുമായ വാഹനങ്ങളില്‍ ഇടിച്ചു. വീണ്ടും നിര്‍ത്താതെ വാഹനം ഓടിച്ചുപോയ വിദ്യാർത്ഥി ചുങ്കത്തും ചാലുകുന്നിലും കുടയംപടിയിലും കുടമാളൂരിലും വാഹനങ്ങളെ ഇടിച്ചെങ്കിലും വാഹനം നിര്‍ത്തിയില്ല. ഇതോടെ നാട്ടുകാര്‍ കാര്‍ പിന്തുടര്‍ന്നു. പാഞ്ഞുപോയ കാര്‍ പനമ്പാലത്ത് നിയന്ത്രണംവിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചുകയറി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K