06 August, 2025 05:07:38 PM
അധികവാറന്റി കാലയളവിൽ സേവനം നിഷേധിച്ച കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

കോട്ടയം: അധികവാറന്റി കാലയളവിൽ കേടായ ടി.വി. നന്നാക്കി നൽകാതിരുന്നതിന്സോപ്പർ നോയിഡ എന്ന കമ്പനിക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കോട്ടയം കറുകച്ചാൽ സ്വദേശി മാത്യു മാത്യു നൽകിയ പരാതിയിലാണ് ഉത്തരവ്. 30 ദിവസത്തിനുള്ളിൽ ടി.വി. പ്രവർത്തനക്ഷമമാക്കി നൽകുകയോ ഒൻപത് ശതമാനം പലിശയോടുകൂടി 10000/- രൂപ തിരികെ നൽകുകയോ ചെയ്യണം. നഷ്ടപരിഹാരമായി 10000/- രൂപയും കോടതി ചെലവിലേക്കായി 2000/- രൂപയും നൽകണം.
2021 ഓഗസ്റ്റ് 20 ന് തിരുവല്ല ജമ്പോ ഡിജിറ്റൽ വേൾഡിൽ നിന്ന് 25,500/- രൂപയ്ക്ക് ഒരു വർഷ വാറണ്ടിയുള്ള എം വൺ ടി.വിക്കു സോപ്പർ നോയിഡ എന്ന കമ്പനിയുടെ രണ്ടുവർഷത്തെ അധിക വാറന്റി മാത്യൂ എടുത്തിരുന്നു. 2024 ഫെബ്രുവരിയിൽ ടിവി തകരാറിലായി. ഏപ്രിലിൽ സോപ്പർ നോയിഡ കമ്പനി ഡിസ്പ്ലേ മാറ്റി നൽകിയെങ്കിലും മൂന്നാഴ്ചക്കുശേഷം തകരാർ ആവർത്തിച്ചു. ഇത് കമ്പനിയെ അറിയിച്ചപ്പോൾ പരാതി നിരസിച്ചതോടെയാണ് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകിയത്. പരാതി വിശദമായി പരിശോധിച്ച അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായിട്ടുള്ള കോട്ടയം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ കമ്മീഷൻ വാറന്റി പീരിയഡിൽ നൽകേണ്ട സേവനം സോപ്പർ നോയിഡ നൽകിയിട്ടില്ലെന്ന് കണ്ടെത്തി ഉത്തരവിടുകയായിരുന്നു.