19 August, 2025 07:40:22 PM
സാമൂഹ്യ പുരോഗതിക്കുള്ള വഴിയാണ് കലയും സാഹിത്യവും- മന്ത്രി വി. എൻ. വാസവൻ

ഏറ്റുമാനൂർ : സാമൂഹ്യ പുരോഗതിക്കുള്ള വഴിയാണ് കലയും സാഹിത്യവുമെന്നു മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂർ എസ്. എം. എസ്. എം. പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ച ഇ സേവ കേന്ദ്രത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചു ചേർന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം.പ്രാദേശികമായ വ്യത്യസ്തതകൾ ഉണ്ടാകാമെങ്കിലും അവ സമൂഹത്തെ ഒന്നാകെ സ്വാധീനിക്കാൻ പര്യാപ്തമാണ്.കലയും സാഹിത്യവും ഒരു നാടിന്റെ സമ്പന്നമായ സംസ്ക്കാരം രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതിൽ ലൈബ്രറികളുടെ പങ്കു വലുതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ ലവ്‌ലി ജോർജ് പടികര മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയിൽ,താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് തോമസ് പോത്തൻ, ഗവ. പ്ലീഡർ അഡ്വ. നിധിൻ പുല്ലുകാടൻ, മുനിസിപ്പൽ സെക്രട്ടറി ജി. ബിനുജി, എം. കെ. മുരളീധരൻ, വർക്കി ജോയി പൂവംനിൽക്കുന്നതിൽ, ഫിലിപ്പ് ജോസഫ് മണിയാലിൽ, കെ. സി. ശിവൻ ആചാരി, ഡോ. വിദ്യ ആർ. പണിക്കർ, ജെയിംസ് പുളിക്കൻ എന്നിവർ പ്രസംഗിച്ചു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനെ ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷൻ ആക്കുന്നതിനു നേതൃത്വം നൽകിയ സ്റ്റേഷൻ ഹൗസ് ഓഫീസർ എ. എസ്. അൻസലിനു പൊന്നാടയും ഉപഹാരവും നൽകി മന്ത്രി അനുമോദിച്ചു.