11 January, 2026 07:49:44 PM
അതിരമ്പുഴ കുറ്റിക്കാട്ട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ മോഷണശ്രമം

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ അതിരമ്പുഴ കുറ്റിക്കാട്ട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ ആറാം തവണയും മോഷണശ്രമം. പദ്ധതി പൊളിച്ചത് മൊബൈൽ അലേർട്ട്. മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുകയും ശ്രീകോവിലിന്റെ വാതില് തുറക്കുന്നതിനുള്ള ശ്രമം നടത്തിയത് മൊബെെൽ അലാറത്തിലൂടെ തിരിച്ചറിഞ്ഞ് ക്ഷേത്ര ഭാരവാഹി ഓടി എത്തിയതോടെയാണ് മോഷണ ശ്രമം പാളിയത്.
ഇന്ന്പുലർച്ചെ 3.30തോടെയാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുകയും ശ്രീകോവിലിന്റെ വാതില് തുറക്കാനുമുള്ള ശ്രമം നടത്തിയത്. ക്ഷേത്ര ഭാരവാഹിയുടെ സമയോചിതമായ ഇടപെടലാണ് മോഷണ ശ്രമം തടഞ്ഞത്. മോഷ്ടാവ് കയ്യിൽ കരുതിയ കപ്പതണ്ട് ഉപയോഗിച്ചാണ് ശ്രീകോവിലിന്റെ വാതിൽ തള്ളിയത്.
മോഷണശ്രമം നടത്തുന്നതിനിടെ ക്ഷേത്ര ഭാരവാഹികളുടെ മൊബൈലിൽ അലാറം മുഴങ്ങുകയും ക്ഷേത്രത്തിനോട് ചേർന്ന് താമസിക്കുന്ന ശ്രീകുമാർ ഉടൻതന്നെ ക്ഷേത്രത്തിലേക്ക് എത്തുകയുമായിരുന്നു. ആളുകൾ വരുന്നത് കണ്ട് മോഷ്ടാവ് ഇവിടെ നിന്നും കടന്നു കളഞ്ഞു. ക്ഷേത്രത്തിലെ സിസിടിവിയിൽ മോഷണ ശ്രമം നടത്തുന്ന ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്.
മുമ്പ് നടന്ന മോഷണത്തിൽ ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാല മോഷ്ടാവ് കവർന്നിരുന്നു. കൂടാതെ ശ്രീകോവിലിന്റെ വാതിലിന് തീയിട്ട് കത്തിച്ചതും, ക്ഷേത്രത്തിലെ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള പാത്രങ്ങളും മറ്റും മോഷ്ടിച്ച സംഭവവും കൂടാതെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. മൂന്നുതവണ മോഷ്ടാവിനെ കൈയോടെ പിടികൂടിയിരുന്നു.





