19 December, 2025 09:01:58 AM


ഏറ്റുമാനൂരിൽ പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയുടെ സ്വർണമാല കവർന്നു



ഏറ്റുമാനൂർ: പുലർച്ചെ പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയുടെ നാല് പവൻ്റെ സ്വർണമാല മോഷ്ടാക്കൾ പൊട്ടിച്ചെടുത്തു. ചെറുവാണ്ടൂർ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്ക് നടന്നു പോകുകയായിരുന്ന ചെറുവാണ്ടൂർ എട്ടുപറയിൽ ഗ്രേസി ജോസഫി(69)ന്റെ മാലയാണ് കാറിൽ എത്തിയ സംഘം പൊട്ടിച്ചെടുത്തത്.

ഇവർക്കൊപ്പം ഉണ്ടായിരുന്ന ബന്ധു ലിസിയുടെ സ്വർണാഭരണങ്ങൾ കവരാനും മോഷ്ടാക്കൾ ശ്രമിച്ചു. ചൊവ്വാഴ്ച രാവിലെ 6.15-നാണ് സംഭവം. നടന്നുപോവുകയായിരുന്ന സ്ത്രീകളുടെ സമീപം കാർ നിർത്തിയ ശേഷം ഗ്രേസിയോട് വഴിചോദിച്ച മോഷ്ടാക്കൾ  മാല പൊട്ടിച്ചു കാറിൽ കയറി രക്ഷപ്പെട്ടു. മാല പൊട്ടിക്കുന്നതിനിടയിൽ ഗ്രേസിയുടെയും ലിസിയുടെയും കഴുത്തിൽ മുറിവും പറ്റിയിട്ടുണ്ട്. ലിസിയുടെ മുഖത്തിനും പരിക്കുണ്ട്.

ഗ്രേസിയും ലിസിയും സ്ഥിരമായി രാവിലെ പള്ളിയിൽ പോകുന്നത് പതിവാണ്. ഇത് മനസ്സിലാക്കിയവരാണ് മാല കവർന്നത് എന്നാണ് സംശയം. കനത്ത മഞ്ഞും മോഷ്ടാക്കൾക്ക് സഹായകമായി. വിവരം അറിഞ്ഞയുടൻ ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു. ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K