26 December, 2025 06:13:21 PM
ടോമി കുരുവിള ഏറ്റുമാനൂർ നഗരസഭ ചെയർമാൻ; പുഷ്പകുമാരി വൈസ് ചെയർപേഴ്സൺ

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭാ ചെയർമാനായി കോൺഗ്രസ് (ഐ) നേതാവ് ടോമി കുരുവിള തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം വാർഡിൽ നിന്നും ജയിച്ച കോൺഗ്രസ് പ്രതിനിധി പുഷ്പകുമാരിയാണ് വൈസ് ചെയർ പേഴ്സൺ.
ഇന്ന് രാവിലെ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിൽ നിന്നായി 3 പേരാണ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചത്. 36 കൗൺസിലർമാരിൽ 21 വോട്ട് ടോമിക്ക് ലഭിച്ചു. എൽഡിഎഫിൽ നിന്നും മത്സരിച്ച ഈ എസ് ബിജുവിന് (സിപിഎം) 6 വോട്ടും ബിജെപി പ്രതിനിധി വേണുഗോപാലിന് 7 വോട്ടും ലഭിച്ചു. സ്വതന്ത്രരായി ജയിച്ച 2 പേർ വോട്ട് അസാധുവാക്കി.
ഉച്ചകഴിഞ്ഞ് നടന്ന വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ പുഷ്പ വിജയകുമാറിന് 21 വോട്ട് ലഭിച്ചു. എൽഡിഎഫിൽ നിന്നും മത്സരിച്ച ഷൈലജയ്ക്ക് (സിപിഎം സ്വതന്ത്ര) 6 വോട്ടും ബിജെപി പ്രതിനിധി ഉഷാ സുരേഷിന് 7 വോട്ടും ലഭിച്ചു. സ്വതന്ത്രരായി ജയിച്ച ബീന ഷാജിയും അഡ്വ. ടി.പി. മോഹൻ ദാസും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. നഗരസഭ രൂപീകൃതമായ ശേഷം മൂന്നാം തവണയും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ടോമി കുരുവിള ഇക്കുറി വാർഡ് 26 (കാരിത്താസ്)ൽ നിന്നുമാണ് ജയിച്ചത്.






