12 February, 2026 01:49:55 PM
അച്ചായൻസിൻ്റെ പരസ്യം: ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് ഭീഷണി

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം തിരുവരങ്ങിന് പിന്നിൽ പരസ്യം പ്രദർശിപ്പിച്ചതിന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഭീഷണിപ്പെടുത്തി യുവാവ്. ഇന്ന് രാവിലെ 8 മണിയോടെയാണ് കടുത്തുരുത്തി സ്വദേശിയായ യുവാവ് എ.ഓ യുടെ ഓഫീസിൽ അതിക്രമിച്ച് കയറി ഭീഷണി ഉയർത്തിയത്.
കഴിഞ്ഞ വർഷം ക്ഷേത്രോത്സവത്തിനുള്ള നോട്ടീസും സ്റ്റേജ് ക്രമീകരണങ്ങളും സ്പോൺസർ ചെയ്തത് പ്രമുഖ സ്ഥാപനമായ അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ആയിരുന്നു. ഇതിൻ്റെ ഭാഗമായി നോട്ടീസിലും സ്റ്റേജിലും സ്ഥാപനത്തിൻ്റെ പരസ്യം നൽകിയിരുന്നു. ഈ മാസം 18 ന് കൊടിയേറി ആരംഭിക്കുന്ന ഉത്സവത്തിൻ്റെ നോട്ടീസ് ഉൾപ്പെടെ പ്രധാന സ്പോൺസർമാരിൽ ഒരാളാണ് അച്ചായൻസ്. അതുകൊണ്ടുതന്നെ ഇപ്പോഴും നിലനിൽക്കുന്ന സ്റ്റേജിലെ ക്രമീകരണങ്ങളിൽ പരസ്യവും മാറ്റിയിരുന്നില്ല. ഇതാണത്രേ യുവാവിനെ ചൊടിപ്പിച്ചത്.
ഇന്ന് വൈകുന്നേരത്തിനു മുമ്പ് പരസ്യം മാറ്റിയില്ലെങ്കിൽ കാണിച്ചു തരുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഇയാളുടെ ബഹളം കേട്ട് ഭക്തജനങ്ങളും ക്ഷേത്രം ജീവനക്കാരും സ്ഥലത്ത് തടിച്ചുകൂടി. തന്നെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ യുവാവ് മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നുവെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് എസ് പറഞ്ഞു. സംഭവത്തിൽ ഉപദേശക സമിതി പ്രസിഡൻ്റ് പി.കെ. രാജൻ, സെക്രട്ടറി മഹേഷ് രാഘവൻ എന്നിവർ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. മനു എന്ന യുവാവിനെതിരെ എ. ഓ. ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി.





