17 February, 2026 12:36:32 PM
ഏറ്റുമാനൂർ ഉത്സവം നാളെ കൊടിയേറും: കാഴ്ചപന്തൽ നിർമാണം അവസാനഘട്ടത്തിൽ

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനോടനുബന്ധിച്ചുള്ള കാഴ്ചപന്തൽ നിർമാണം അവസാനഘട്ടത്തിൽ. ഏഴ് ആർച്ചോടു കൂടിയുള്ള മൂന്ന് കാഴ്ചപന്തലാണ് ഇവിടെ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷവും ഉത്സവത്തിന് ഇവിടെ ഇതേ രീതിയിൽ വർണാഭമായ പന്തൽ ഒരുക്കിയിരുന്നു. കേരളത്തിലെ പ്രസിദ്ധമായ നെന്മാറ വല്ലങ്ങി വേലകൾക്ക് ഉൾപ്പെടെ പന്തലൊരുക്കുന്ന ടീമാണ് ഇവിടെയും പന്തലൊരുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നാല് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ സാധാരണ ഇത്തരമൊരു പന്തൽ പണിക്ക് ചിലവാകും.
എന്നാൽ കാഴ്ചപന്തൽ നിർമാണത്തിന് എതിരെ അമർഷവുമായി ഒരു പക്ഷം രംഗത്തെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ നട അടക്കുന്ന സമയങ്ങളിൽ ഭക്തർക്ക് ക്ഷേത്രമൈതാനത്ത് നിന്ന് കൊടി കേറി കിടക്കുന്നത് കണ്ട് തൊഴാൻ സാധിക്കുമായിരുന്നു. പടിഞ്ഞാറെ ഗോപുരത്തിന് മുന്നിൽ കല്യാണമണ്ഡപം പണിതതോടെ അതിന് തടസമായി. കല്യാണമണ്ഡപത്തിന് മുന്നിൽ പണിയുന്ന കാഴ്ചപന്തൽ ഉത്സവം മേടി പിടിപ്പിക്കാൻ സഹായിക്കുമെങ്കിലും ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമെന്നാണ് ഒരു വിഭാഗം ഭക്തർ ചൂണ്ടികാട്ടുന്നത്.
നാളെ രാവിലെ 8.45 നാണ് ഉത്സവം കൊടിയേറുന്നത്. 25 ന് പ്രസിദ്ധമായ ഏഴരപൊന്നാന ദർശനം. 27 ന് പേരൂർ പൂവത്തുംമൂട് കടവിൽ മീനച്ചിലാറ്റിലാണ് ആറാട്ട്'





