20 December, 2025 09:32:01 AM


മാല മോഷണം; 48 മണിക്കൂറിനകം പ്രതികളെ പിടികൂടി ഏറ്റുമാനൂർ പോലീസ്



ഏറ്റുമാനൂർ: ഏറ്റുമാനൂർ മണർകാട് ബൈപ്പാസി കാറിലെത്തിയ സംഘം രണ്ട് വയോധികരുടെ മാല കവർന്ന കേസിൽ 48 മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്തു ഏറ്റുമാനൂർ പോലീസ്. പത്തനംതിട്ട, പരുമല, കടപ്ര, കുളത്തുമലയിൽ വീട്ടിൽ രവീന്ദ്രൻ കെ വി (44), തിരുവനന്തപുരം കഴക്കൂട്ടം, പാങ്ങപ്പാറ, ശങ്കരനിലയം വീട്ടിൽ രതീഷ് ചന്ദ്രൻ(44), പത്തനംതിട്ട. പരുമല, കടപ്ര, മലയിൽ തെക്കേതിൽ ശിവപ്രസാദ് (41), പത്തനംതിട്ട, പരുമല, കടപ്ര, മലയിൽ വടക്കേതിൽ സോമേഷ് കുമാർ (46) കോട്ടയം, അയർകുന്നം, തൈപ്പറമ്പിൽ, അബ്രഹാം മാത്യു (55) എന്നിവരാണ് അറസ്റ്റിൽ ആയത്.

ഡിസംബർ 16 ന് വെളുപ്പിന് 05.40 മണിയോടെ ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂർ ഭാഗത്ത് വെച്ച് പള്ളിയിലേക്ക് നടന്നു പോവുകയായിരുന്ന പേരൂർ സ്വദേശികളായ രണ്ടു വയോധികരെ കാറിൽ വന്ന നാലുപേർ ആക്രമിച്ച് നാല് പവനോളം തൂക്കം വരുന്ന സ്വർണ്ണമാല അപഹരിച്ചുകൊണ്ട് പോവുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള നീല നിറത്തിലുള്ള മാരുതി ഫ്രോൺസ് കാറിലെത്തിയ നാലുപേരാണ് മോഷണം നടത്തിയതെന്ന് മനസ്സിലാക്കിയ പോലീസ് അക്രമികൾ സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പ്രതികളിലേക്ക് എത്തുകയുമായിരുന്നു.

ക്രിമിനൽ പശ്ചാത്തലം ഉള്ളവരും സുഹൃത്തുക്കളുമായ പ്രതികൾ ആസൂത്രിതമായി തയ്യാറാക്കിയ മോഷണശ്രമങ്ങളുടെ ഒടുക്കമാണ് ഏറ്റുമാനൂർ ബൈപ്പാസിൽ വെളുപ്പിന് പള്ളിയിലേക്ക് നടന്നു പോയ സ്ത്രീകളെ ആക്രമിച്ച് കൊണ്ടുള്ള മോഷണം. ആസൂത്രണം ചെയ്തതിൻപ്രകാരം തമിഴ്നാട്ടിൽ പഴനി, മധുര, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലെ മോഷണശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് സംഘം തിരികെ കേരളത്തിലേക്ക് വന്നത്. പത്തനംതിട്ട ആലപ്പുഴ കൊല്ലം കോട്ടയം എന്നീ നാല് ജില്ലകളിൽ നിന്നായാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. മോഷണ മുതൽ വിൽക്കുവാൻ സഹായിച്ച അഞ്ചാംപ്രതിയും പോലീസിന്റെ പിടിയിലായിട്ടുണ്ട്.

മുൻപും പല മോഷണക്കേസുകളിലും അതിവേഗത്തിൽ പ്രതികളെ പിടിച്ചിട്ടുള്ള ഏറ്റുമാനൂർ പോലീസ് ഐപി എസ് എച്ച് ഒ ശ്യാം , എസ് ഐ അഖിൽ ദേവ്, എസ് ഐ തോമസ് ജോസഫ്, എ എസ് ഐ ഗിരീഷ്കുമാർ സി പി ഒമാരായ ജ്യോമി , സുനിൽ കുര്യൻ, സിപിഒമാരായ സാബു, അനീഷ്,അജിത്, അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K