11 February, 2026 12:26:30 PM
ഏറ്റുമാനൂര്‍ ഉത്സവം: ജാതി തിരിഞ്ഞുള്ള താലപ്പൊലി ഘോഷയാത്ര വേണ്ടെന്ന് നിര്‍ദേശം

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വിവിധ സമുദായ സംഘടനകള്‍ നടത്തുന്ന ഘോഷയാത്രകള്‍ ഒഴിവാക്കി, പൊതുവായ സംസ്‌കാരം ഉള്‍ക്കൊണ്ട് മേഖലാതല ഘോഷയാത്രകള്‍ നടത്തണമെന്ന് ആവശ്യം.
സമുദായസംഘടനകള്‍ പരസ്പരം മത്സരിച്ച് നടത്തുന്ന താലപ്പൊലി ഘോഷയാത്ര ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാവരുതെന്ന് മന്ത്രി വി. എന്‍ വാസവനും അഭിപ്രായപ്പെട്ടു.
ഭക്തരില്‍ നിന്നും ഉണ്ടായ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ടാണ് മന്ത്രി വിഷയം അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയത്. ഉത്സവത്തിന്‍റെ ഭാഗമായി ഘോഷയാത്ര നടത്തുന്ന സമുദായ പ്രതിനിധികളുമായി ഉദ്യോഗസ്ഥര്‍ കൂടിയാലോചന നടത്തി ഉചിതമായ തീരുമാനം എടുക്കണമെന്നും മന്ത്രി ദേവസ്വം അധികൃതര്‍ക്കും, ജില്ലാ ഭരണകൂടത്തിനും നിര്‍ദേശം നല്‍കി.
മുന്‍പ് ഇങ്ങനെ സമുദായങ്ങള്‍ വേര്‍തിരിച്ചുള്ള താലപ്പൊലിഘോഷയാത്രയോ മറ്റ് ആഘോഷങ്ങളോ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഇല്ലായിരുന്നു. എട്ടാം ഉത്സവദിവസം ഒരു സമുദായസംഘടന തുടങ്ങിവെച്ച ദേശതാലപ്പൊലിയുടെ ചുവട് പിടിച്ചാണ് മറ്റുള്ളവരും രംഗത്തേക്ക് വന്നത്. ഇപ്പോള്‍ എല്ലാ ദിവസവും ഓരോ സമുദായസംഘടനകളുടെ നേതൃത്വത്തില്‍ താലപ്പൊലി ഘോഷയാത്ര മത്സരിച്ച് നടത്തുന്നത് ഉത്സവനാളുകളില്‍ ഏറ്റുമാനൂര്‍ നഗരത്തില്‍ വന്‍ ഗതാഗതകുരുക്ക് ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് പരാതി. മാത്രമല്ല, ഓരോ ദിവസത്തെയും ഉത്സവം തങ്ങളുടെ ഉത്സവമാക്കി മാറ്റാനുള്ള ശ്രമവും സമുദായസംഘടനകള്‍ നടത്തുന്നുവെന്നാണ് ആരോപണം.
താലപ്പൊലിയുമായുള്ള വിവിധ സംഘടനകളുടെ മത്സരം കനത്തത്, ഓരോ ദിവസവും നടക്കുന്ന അന്നദാനം ഉള്‍പ്പെടെയുള്ള ക്ഷേത്രത്തിലെ മറ്റ് ഉത്സവപരിപാടികളെയും ബാധിച്ചു. ഉത്സവനാളുകളില്‍ പ്രസാദമൂട്ട് എന്ന പേരില്‍ നടക്കുന്ന അന്നദാനം പോലും ഇപ്പോള്‍ വിവിധ സമുദായസംഘടനകള്‍ ചേരിതിരിഞ്ഞാണ് നടത്തുന്നത്. ഏറ്റുമാനൂരപ്പന് മുന്നില്‍ ഇത്തരമൊരു ചേരിതിരിവിന്‍റെ ആവശ്യമില്ല എന്ന് വര്‍ഷങ്ങളായി ഭക്തര്‍ പറയുന്നുണ്ടെങ്കിലും അധികൃതര്‍ ചര്‍ച്ച ചെയ്തത് ഇന്നലെ നടന്ന ഉത്സവ അവലോകനയോഗത്തില്‍ മാത്രമാണ്. യോഗത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത്.





