22 August, 2025 08:10:20 PM


ലോട്ടറി വിൽപ്പനക്കാരിയെ പറ്റിച്ച് ലോട്ടറികളുമായി കടന്ന പ്രതിയെ വലയിലാക്കി ഏറ്റുമാനൂർ പോലീസ്



ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ലോട്ടറി വിൽപ്പനക്കാരിയായ സ്ത്രീയെ പറ്റിച്ച് ലോട്ടറികളുമായി കടന്ന പ്രതിയെ  വലയിലാക്കി ഏറ്റുമാനൂർ പോലീസ്. ഇടുക്കി സ്വദേശി നവാസ്,(43) എന്നയാളെ ആണ് ഏറ്റുമാനൂർ പോലീസ് പിടികൂടിയത്. 12-08-2025 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. 

ഏറ്റുമാനൂർ ഭാഗങ്ങളിൽ ലോട്ടറി വില്പന നടത്തിവന്നിരുന്ന  മാഞ്ഞൂർ സ്വദേശിനി രാജി എന്ന സ്ത്രീയുടെ കയ്യിൽ നിന്നും അന്നേദിവസം പകൽ 12 30 മണിയോടെ 13-08- 2025 ലെ  120 ഓളം  ലോട്ടറികളും വാങ്ങി പരിശോധിച്ച പ്രതി പണവുമായി എത്തി ടിക്കറ്റ് എടുത്തു കൊള്ളാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച  ശേഷം  അയാളുടെ കൈവശം ഉണ്ടായിരുന്ന പഴയ ലോട്ടറി ടിക്കറ്റുകൾ തിരികെ കൊടുത്ത് ലോട്ടറി വില്പനക്കാരിയായ സ്ത്രീയ്ക്ക് 12000/- രൂപയുടെ നഷ്ടം വരുത്തുകയായിരുന്നു. 

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പോലീസ്  എസ്.എച്ച്.ഒ അൻസിൽ എ. എസ്. ന്റെ നേതൃത്വത്തിൽ എസ് ഐ അഖിൽദേവ്, എഎസ് ഐ വിനോദ് വി കെ,  സ്പെഷ്യല്‍ സി.പി.ഒ സുനിൽ കുര്യൻ,സി.പി.ഒമാരായ അനീഷ് വി കെ, സനൂപ്, അനിൽകുമാർ എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ പ്രതിയെ പിടികൂടുന്നതിനായി നിയോഗിക്കുകയായിരുന്നു.  

ശാസ്ത്രീയവും, നിരന്തരവുമായ അന്വേഷണത്തിലൂടെ  പ്രതിയിലേക്കെത്തിയ പോലീസ് സംഘം ഇന്ന് എറണാകുളം കലൂർ ഭാഗത്തുവച്ച് പ്രതി നവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി, ആലുവ, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K