25 August, 2025 04:09:28 PM


നീണ്ടൂർ സർക്കാർ ഹോമിയോ ആശുപത്രിക്ക് പുതിയ യോഗാ ഹാൾ ഒരുങ്ങി



കോട്ടയം: നീണ്ടൂർ സർക്കാർ ഹോമിയോ ആശുപത്രി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ പുതിയ യോഗാ ഹാൾ ഒരുങ്ങി. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. ഈയാഴ്ചയോടെ യോഗാഹാൾ പൊതുജനങ്ങൾക്കു തുറന്നുകൊടുക്കാനാകും. രണ്ടുവർഷം മുൻപാണ് ഇവിടെ യോഗ പരിശീലനം ആരംഭിച്ചത്. യോഗ പരിശീലകനുൾപ്പെടെയുള്ള സേവനവും ലഭ്യമാണ്. നൂറ്റൻപതോളം പേർ ഇവിടെ യോഗ അഭ്യസിക്കുന്നുണ്ട്. സൗജന്യമായാണ് പരിശീലനം. ആശുപത്രിക്കെട്ടിടത്തിന്റെ മുകളിൽ താൽക്കാലികമായി തയാറാക്കിയ ഇടത്തായിരുന്നു പരിശീലനം. പരിശീലനത്തിന് കൂടുതൽ പേരെത്തിയതോടെ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഹൈമി ബോബി മുൻകൈ എടുത്താണ് കെട്ടിടനിർമാണത്തിന് തുക ലഭ്യമാക്കിയത്്. ഡിസ്പെൻസറിക്കു കീഴിൽ വിവിധ വാർഡുകളിൽ യോഗ ക്ലബ്ബുകളും പ്രവർത്തിക്കുന്നുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ ദേശീയ ഗുണനിലവാരസൂചികയായ എൻ.എ.ബി.എച്ച്. അംഗീകാരവും നീണ്ടൂർ ഹോമിയോ ആശുപത്രിയെ തേടിയെത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K