18 September, 2025 04:31:10 PM


സ്ത്രീപക്ഷ നവകേരളം; സ്വാഗതനൃത്തത്തിലൂടെ കൈയടി നേടി ഏറ്റുമാനൂർ എം.ആർ.എസിലെ കുട്ടികൾ



കോട്ടയം: മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ ഉദ്ഘാടനവേദിയെ ശ്രദ്ധേയമാക്കി ആദിവാസി വിഭാഗത്തിൽനിന്നുള്ള ഒൻപതു കുട്ടികളുടെ നൃത്തം. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായുള്ള സ്വാഗതനൃത്തം അവതരിപ്പിച്ചാണ് ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ (എം.ആർ.എസ്.) പെൺകുട്ടികൾ കൈയടി നേടിയത്.

സ്ത്രീകൾ പൊതുവിടങ്ങളിലും വീടുകൾക്കുള്ളിലും നേരിടേണ്ടിവരുന്ന പ്രയാസങ്ങളും പീഡനങ്ങളും സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നൃത്തമായി അവതരിപ്പിക്കുകയായിരുന്നു വേദിയിൽ. സ്‌കൂളിലെ നൃത്താധ്യാപിക വിദ്യാ വിജയന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തി ഏറ്റുമാനൂരിലെ എം.ആർ.എസിൽ പഠിക്കുന്ന വിജി വിജയൻ, റാണി മഞ്ജുഷ, അർച്ചന അനൂപ്, ആര്യ ബാബു, എസ്. പ്രീതി, അപർണ സലി, അഭിനയ മധുകുമാർ, ആദിത്യ കുഞ്ഞിക്കുട്ടൻ, അക്ഷയ രാജേന്ദ്രൻ എന്നിവരാണ് അരങ്ങിലെത്തിയത്. കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിനുകീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളിൽ 300 കുട്ടികളാണ് പഠിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307