21 October, 2025 06:17:30 PM
ബുക്ക് ചെയ്തത് സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്, എത്തിയത് സാധാരണ ബസ്; അവസാനം പെരുവഴിയിലുമായി

കോട്ടയം: ടിക്കറ്റ് ബുക്ക് ചെയ്തത് കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസിന്. എത്തിയത് സാധാരണ ഫാസ്റ്റ് പാസഞ്ചർ ബസ്. പാതിവഴിയിൽ ഒന്നിലധികം ബസുകൾ മാറിക്കയറി ഗതികേടിലായ യാത്രക്കാരുടെ പരാതി കേൾക്കാൻ തയ്യാറാകാതെ ഡിപ്പോ അധികൃതർ.
കൊട്ടാരക്കരയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയ്ക്കും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയായ മകൾക്കുമാണ് ഇന്ന് ഈ ദുരനുഭവം ഉണ്ടായത്. ഏറ്റുമാനൂരില്‍ നിന്നും കൊട്ടാരക്കരയിലേക്കും കോളേജിലേക്കും പോകാനായി ഇവർ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഏറ്റുമാനൂര്‍ ബസ് സ്റ്റാന്റില്‍ എത്തിയ ഇവരെ വരവേറ്റത് പാലാ ഡിപ്പോയിൽ നിന്നും എത്തിയ സാധാരണ ഫാസ്റ്റ് പാസഞ്ചര്‍ ബസ്. തിരുവല്ലയില്‍ എത്തിയ ബസ് യാത്രക്കാരെ ഇറക്കിവിട്ട് അവിടെ യാത്ര അവസാനിപ്പിച്ചു.
കണ്ടക്ടര്‍ മറ്റൊരു ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കയറ്റിവിട്ടെങ്കിലും മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തുവന്ന യാത്രക്കാരെ ആ ബസിന്റെ കണ്ടക്ടര്‍ യാത്ര തുടരാന്‍ അനുവദിച്ചില്ല. ടിക്കറ്റ് ബുക്ക് ചെയ്തവരുടെ രേഖകള്‍ തിരുവല്ലയില്‍ യാത്ര അവസാനിപ്പിച്ച ബസിലെ കണ്ടക്ടര്‍ തനിക്ക് നല്‍കിയില്ലെന്നും ഇവരുടെ ടിക്കറ്റ് സൂപ്പര്‍ ഫാസ്റ്റ് ബസിലാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെ ആ ബസില്‍നിന്നും ഇറക്കി വിടപ്പെട്ട യാത്രക്കാർ മറ്റൊരു സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറി യാത്ര തുടരുകയായിരുന്നു.
ഏറ്റുമാനൂരില്‍ നിന്നും ഇരുവരെയും കയറ്റികൊണ്ടുപോയ ബസിലെ കണ്ടക്ടര്‍ കൃത്യമായി ഇവർക്ക് മറ്റൊരു ബസില്‍ യാത്രാ സൗകര്യം ഒരുക്കിയില്ല എന്നു മാത്രമല്ല, പിന്നീട് ഫോണ്‍ വിളിച്ചിട്ട് എടുക്കാനുള്ള മര്യാദപോലും കാണിച്ചില്ല. പാലാ ഡിപ്പോയില്‍ വിളിച്ച് പരാതി പറഞ്ഞപ്പോള്‍ നിങ്ങള്‍ ഹെഡ് ഓഫീസില്‍ പരാതിപ്പെടാനാണ് നിര്‍ദേശിച്ചത്.
ബുക്കിംഗ് സമയത്ത് മുൻകൂട്ടി പണമടച്ചതിനാൽ സൂപ്പര്‍ ഫാസ്റ്റ് നിരക്കിൽ സാധാരണ ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്ര ചെയ്യേണ്ടിവന്നു. ബസ് മാറി വന്നതിലുണ്ടായ അസൗകര്യങ്ങളും തുടര്‍ന്നുണ്ടായ സംഭവങ്ങളും സ്ത്രീകളായ ഈ യാത്രക്കാർക്ക് സമയനഷ്ടവും സാമ്പത്തികനഷ്ടവും മാനഹാനിയും വരുത്തിവെച്ചതായി വകുപ്പ്മന്ത്രി ഗണേശ് കുമാറിന് നൽകിയ പരാതിയിൽ ചൂണ്ടി കാട്ടുന്നു.