05 November, 2025 03:17:37 PM
ഏറ്റുമാനൂർ നഗരസഭ പിടിച്ചെടുക്കാൻ മുന്നൊരുക്കങ്ങളുമായി ബിജെപി; വികസന മുന്നേറ്റയാത്ര 7ന്

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിലെ വികസനമുരടിപ്പിനും അഴിമതി ഭരണത്തിനും എതിരെ ഭാരതീയ ജനത പാർട്ടി ഏറ്റുമാനൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസനമുന്നേറ്റ യാത്ര നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നവംബർ എഴ് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ആരംഭിക്കുന്ന പദയാത്രകൾ വിവിധ വാർഡുകമ്മിറ്റികളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം 6 മണിക്ക് ഏറ്റുമാനൂർ സെൻട്രൽ ജങ്ഷനിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന - ജില്ലാ നേതാക്കൾ പങ്കെടുക്കും.
നഗരസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ ബിജെപി ഗണ്യമായ സീറ്റുകൾ പിടിക്കുമെന്നും ചിലപ്പോൾ ഭരണത്തിൽ എത്താൻ സാധ്യതയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. നഗരസഭാ ഭരണം പിടിച്ചെടുക്കുകതന്നെയാണ് ലക്ഷ്യം. അതിനായുള്ള ടീം വർക്കാണ് നടന്നുകൊണ്ടിരിക്കുന്നത്. ക്ഷേത്രനഗരിയായ ഏറ്റുമാനൂരിനെ
ആ രീതിയിൽ പ്രൊമോട്ട് ചെയ്യാൻ കഴിയും. അതിന് ഏറ്റവും സാധ്യതയുള്ള നഗരമാണ് ഏറ്റുമാനൂർ.
ക്ഷേത്രനഗരമായി മാറ്റി ടൂറിസം മെച്ചപ്പെടുത്താനും കഴിയും. എന്നാൽ വൃത്തിയുള്ള ഡ്രൈനേജ് ഉൾപ്പടെ യുള്ള സാഹചര്യങ്ങൾ വേണം. എന്നാൽ ഒരു പദ്ധതി തയ്യാറാക്കാൻ പോലും നഗരസഭ തയ്യാറായിട്ടില്ലെന്ന് ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. ശ്രീജിത്ത് കൃഷ്ണൻ പറഞ്ഞു.
പത്രസമ്മേളനത്തിൽ ബിജെപി ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് സരുൺ കെ . അപ്പുക്കുട്ടൻ, ന്യൂനപക്ഷ മോർച്ച ജില്ലാ ജന. സെക്രട്ടറി സിറിൽ ജി. നരിക്കുഴി, ഒബിസി മോർച്ച ജില്ലാ ജന. സെക്രട്ടറി സനീഷ് ഗോപി, മണ്ഡലം വൈസ് പ്രസിഡന്റ് മധു പുന്നത്തുറ, മുനിസിപ്പാലിറ്റി പ്രസിഡന്റ് റ്റി. ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.






