07 November, 2025 07:32:26 PM
യാത്രക്കാർ ഔട്ട്: ഏറ്റുമാനൂരപ്പൻ ബസ് ബേയിൽ തെരുവ്നായ്ക്കളും സാമൂഹ്യവിരുദ്ധരും

ഏറ്റുമാനൂർ: ഏറ്റുമാനൂരപ്പന്റെ നാമധേയത്തിലുള്ള ബസ് ബേ നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. അധികൃതരുടെ അവഗണനയിൽ പെട്ട ബസ് ബേ ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളം കൂടിയായി മാറി. മേൽക്കൂര തകർന്ന് അപകടാവസ്ഥയിലായ ബസ് ബേയുടെ ഉദ്ഘാടന വേളയിൽ പ്രഖ്യാപിച്ച കുടിവെള്ളം, ഫാൻ തുടങ്ങിയ സൗകര്യങ്ങൾ ഇനിയും സാക്ഷാത്ക്കരിക്കപ്പെട്ടിട്ടില്ല.
സന്ധ്യയായാൽ പൂർണമായും ഇരുട്ടിലാകുന്ന ഇവിടെ യാത്രക്കാർക്ക് ഏക ആശ്വാസം ബസ് ബേയിൽ നിർത്തുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രം. തെരുവ് നായ്ക്കളുടെ ശല്യത്തോടൊപ്പം മദ്യപാനികളുടെ സാന്നിധ്യം കൂടിയാവുമ്പോൾ യാത്രക്കാർക്ക് ബസ് കാത്തു നിൽക്കാൻ സ്ഥലമില്ലാതാവുന്നു. ലൈറ്റ്, ഫാൻ, കുടിവെള്ളം, ദിനപത്രങ്ങൾ തുടങ്ങിയ സൗകര്യങ്ങളോടെ ബസ് ബേ സൗജന്യമായി നവീകരിക്കാൻ തയ്യാറായി പലരും രംഗത്ത് വന്നിട്ടും അധികൃതർ സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ജനകീയ വികസന സമിതി ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.
ഏറ്റുമാനൂർ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് അന്നത്തെ ജില്ലാ കൗൺസിലർ ജോസ് മോൻ മുണ്ടയ്ക്കലിൻ്റെ നേതൃത്വത്തിലാണ് പടിഞ്ഞാറെ നടയിൽ പുതിയ ബസ് ബേ നിർമ്മിച്ചത്. എന്നാൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ മൂലം നിർമാണം ഈ സ്റ്റേജിൽ നിലയ്ക്കുകയായിരുന്നു. ഏറ്റുമാനൂർ ക്ഷേത്രോപദേശക സമിതിയുടെ അഭ്യർഥന കൂടി മാനിച്ചാണ് തിരു ഏറ്റുമാനൂരപ്പൻ ബസ് ബേ എന്ന് നാമകരണം ചെയ്തത്.
ബസ് ബേയുടെ നവീകരണം ആവശ്യപ്പെട്ട് കരുൺ കൃഷ്ണകുമാർ (എറണാകുളം) പ്രസിഡന്റായും ബി രാജീവ് സെക്രട്ടറിയുമായി 'ബസ്ബെ സംരക്ഷണ സമിതി' രൂപീകരിച്ചു. ഏറ്റുമാനൂരപ്പന്റെ നാമധേയത്തിലുള്ള ബസ് ബേ നവീകരിക്കുവാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വൃശ്ചികം 1 (നവംബർ 17) മുതൽ ഏഴ് ദിനപത്രങ്ങളും മാഗസിനുകളും ബസ് ബേയിലെ കാത്തിരിപ്പുകാർക്ക് വായിക്കാൻ കൊടുക്കുമെന്നും മണ്ഡലവൃതം ആരംഭിക്കുന്ന വൃശ്ചികം ഒന്നിന് യാത്രക്കാർക്കും ഏറ്റുമാനൂരിൽ എത്തുന്ന ഭക്തർക്കും സൗജന്യമായി പ്രഭാതഭക്ഷണവും, കുടിവെള്ളവും രാവിലെ 7 30 മുതൽ 8.30 വരെ നൽകുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. നവംബർ 13ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ കൂടുന്ന യോഗത്തിൽ ഇതു സംബന്ധിച്ച അന്തിമതീരുമാനം എടുക്കും.






