12 November, 2025 02:31:53 PM
ആന എഴുന്നള്ളിപ്പിലും വൻതട്ടിപ്പ്: ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യം
- സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ വർഷങ്ങളായി നടന്നു വരുന്ന ആനതട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത്. മുരാരി ബാബു അമ്പലത്തിലെ സ്പെഷ്യൽ ഓഫിസറായിരിക്കെ നേതൃത്വം നൽകിയ ഉത്സവത്തിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. എല്ലാ വർഷവും ആനകളെ എഴുന്നള്ളിക്കുന്നതിന്റെ പേരിൽ വൻ തട്ടിപ്പാണ് ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടക്കുന്നത്.
പണ്ട് മുതലെ ഉടമസ്ഥർ പലരും തങ്ങളുടെ ആനകളെ വഴിപാടായിട്ടാണ് ക്ഷേത്രത്തിൽ എഴുന്നുള്ളിപ്പിന് വിട്ടുകൊടുക്കാറുള്ളത്. കൂടാതെ ഒട്ടേറെ ഭക്തർ സ്പോൺസർഷിപ്പായും ആനകളെ എഴുന്നുള്ളിക്കാറുണ്ട്. ഇത്തരത്തിൽ എഴുന്നുള്ളിക്കപെടുന്ന ആനകളുടെ ഏക്കം വൻ തോതിൽ എഴുതിയെടുക്കുന്നത് ഉൾപ്പെടെ തട്ടിപ്പുകൾ എല്ലാവർഷവും നടന്നിട്ടുണ്ട്. ഒപ്പം തന്നെ ഉത്സവത്തിന് പങ്കെടുപ്പിക്കുന്ന ആനകളുടെ എണ്ണത്തിൽ കുറവ് വരുത്തിയും തട്ടിപ്പ് നടത്താറുണ്ട്. ഇത്തരത്തില്‍ തട്ടിപ്പുകൾ നടത്തിയ ദേവസ്വം മാനേജരെ സസ്പെൻഡ് ചെയ്യുകയും പിന്നീട് ഡിസ്മിസ് ചെയ്യുകയും ചെയ്ത ചരിത്രം വരെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഉണ്ടായിട്ടുണ്ട്.
ഇക്കഴിഞ്ഞ ഉത്സവത്തിന് ആനകളെ വാടകയ്ക്ക് എടുത്ത വകയിൽ 23.57 ലക്ഷം രൂപ ദേവസ്വം ബോർഡ് നൽകിയ രേഖകളാണ് ഇപ്പൊ പുറത്ത് വന്നിരിക്കുന്നത്. അതേസമയം ശബരിമല സ്വർണ കൊള്ള കേസിൽ അറസ്റ്റിലായ മുരാരി ബാബു ഇടപെട്ട സാമ്പത്തിക ഇടപാടുകൾ പ്രത്യേക അന്വേഷണസംഘത്തിന്റെയും ദേവസ്വം വിജിലൻസിന്റെയും നിരീക്ഷണത്തിലാണ്. അതിനാൽ പണം നൽകേണ്ടതില്ലെന്നാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. ഏറ്റുമാനൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർക്ക് വേണ്ടി വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ആണ് ബോർഡിലേക്ക് ധനാഭ്യർത്ഥന റിപ്പോർട്ട് കൊടുത്തത്.
ഏറ്റുമാനൂരിൽ 58 ആനകളെ ആവശ്യമായി വന്നതിൽ മൂന്നെണ്ണം മാത്രമേ ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് കിട്ടിയുള്ളൂ എന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം ഉത്സവത്തിന് എഴുന്നുള്ളിച്ച ആനകളുടെ ആകെ വാടക 52 ലക്ഷത്തിലധികം രൂപയായിരുന്നു. ഇതിൽ 26 ലക്ഷം രൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി.
ഉത്സവത്തിന് ബോർഡ് അഡ്വാൻസ് ആയി നൽകുന്ന 25 ലക്ഷം അടച്ചാണ് ബാക്കി ആനകളെ എത്തിച്ചത്. സ്പോൺസർഷിപ്പിൽ കിട്ടിയതിൽ നീക്കിയിരിപ്പുണ്ടായിരുന്ന 1.43 ലക്ഷം ദേവാസ്വത്തിലേക്ക് അയച്ചിരുന്നു. ബാക്കി വരുന്ന 23ലക്ഷം മിച്ചം രൂപ ബോർഡ് അനുവദിച്ചു അഡ്വാൻസ് തുകയിലേക്ക് വരവ് വെക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ വർഷം ക്ഷേത്ര ഉപദേശകസമിതിയെ നോക്കുകുത്തിയാക്കി ഉത്സവപരിപാടികളിലും മറ്റും സമാന്തര സമിതിയെ ഉപയോഗിച്ച് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ നടത്തിയ ഇടപെടലുകൾ അന്വേഷണവിധേയമാക്കണമെന്ന ആവശ്യം ഉയർന്നു വരവെയാണ് ഈ ആനത്തട്ടിപ്പ് കഥ പുറത്ത് വരുന്നത്.
മുരാരി ബാബുവിന്റെ ആനത്തട്ടിപ്പ് കഥ പുറത്ത് വന്നതോടെ കഴിഞ്ഞ വർഷത്തെ ഉത്സവവുമായി ബന്ധപ്പെട്ടതുൾപ്പെടെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ എല്ലാ ഇടപാടുകളും കൂടുതൽ അന്വേഷിണവിധേയമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.






