18 November, 2025 10:27:33 AM
ക്ഷേത്രമൈതാനത്ത് കൊടി കുത്തി പിൽഗ്രിം ഷെൽട്ടർ നിര്‍മാണം തടഞ്ഞ സംഭവം; നിയമനടപടി സ്വീകരിക്കണം

ഏറ്റുമാനൂർ : ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചിറപ്പ് ഉത്സവത്തിനും ഭക്തജനങ്ങൾക്കുമായി വിഭാവനം ചെയ്ത പിൽഗ്രിം ഷെൽട്ടറിൻ്റെ നിർമാണം കൊടികുത്തി തടസ്സപ്പെടുത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ക്ഷേത്രഉപദേശക സമിതി ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി ഏറ്റുമാനൂർ ക്ഷേത്ര സന്നിധിയിൽ നടന്നു വരുന്ന ചിറപ്പ് മഹോത്സവം ഭംഗിയാക്കുവാനും അമിത ചെലവ് ഒഴിവാക്കുവാനുമായി സ്ഥിരമായുള്ള പിൽഗ്രിം ഷെൽറ്റർ നിർമ്മിക്കണമെന്ന ദേവസ്വം മന്ത്രി വി എൻ വാസവന്റെ നിർദ്ദേശാനുസരണം പണികൾ ക്ഷേത്ര മൈതാനിയിൽ ആരംഭിച്ചപ്പോൾ തൊഴിലിടങ്ങളിലെ തർക്ക വിഷയങ്ങളിലെന്ന പോലെ ഹൈന്ദവ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിൽ കൊടികുത്തി തടസ്സം സൃഷ്ടി ക്കുകയായിരുന്നു. സമാന്തര കമ്മറ്റിയായി ക്ഷേത്രത്തിലെ ഭരണകാര്യങ്ങളിൽ കൈകടത്താൻ ശ്രമിക്കുന്ന ഈ കൂട്ടർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
താൽക്കാലിക ചിറപ്പ് മണ്ഡപം നിർമിക്കുന്നതിന് ഓരോ വർഷവും നാല് ലക്ഷത്തോളം രൂപയാണ് ചിലവാകുന്നത്. ഇത് ഒഴിവാക്കുന്നതിനായി ക്ഷേത്ര ഉപദേശക സമിതിയുടെ അഭ്യർത്ഥന പ്രകാരമാണ് പിൽഗ്രിം ഷെൽറ്റർ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥിരമായ മണ്ഡപം നിർമിക്കാൻ മന്ത്രി വി എൻ വാസവൻ നിർദേശം നൽകിയത്. എന്നാൽ വ്യാജ പ്രചാരണങ്ങൾ നടത്തി ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ക്ഷേത്ര ഭൂമിയിൽ കൊടി കുത്തുകയും പണികൾ തടസപ്പെടുത്തുകയുമായിരുന്നു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ല.
പ്രതിഷേധക്കാർക്ക് കൂട്ട് നിൽക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി കെ രാജൻ, സെക്രട്ടറി മഹേഷ് രാഘവൻ, വൈസ് പ്രസിഡന്റ് കെ എൻ ഭുവനേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
2002 ലെ ദേവപ്രശ്നത്തിൽ പറയുന്ന പരിഹാര ക്രിയകളും അനുബന്ധ ആചാരചടങ്ങുകളും ഒരു വ്യാഴവട്ടക്കാലത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതായിരുന്നുവെന്ന് ദൈവജ്ഞർ ചൂണ്ടികാട്ടുന്നു. 12 വർഷത്തിലൊരിക്കൽ നടത്തേണ്ട ദേവപ്രശ്നം 2002ന് ശേഷം ഇവിടെ നടത്തിയിട്ടുമില്ല. എന്നാൽ 2002ലെ ദേവപ്രശ്നതിന്റെ പേരിൽ ആചാരലംഘനം ഉണ്ടായെന്ന് പറഞ്ഞ് ഭക്തരെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിഷേധത്തിൻ്റെ മറവിൽ ചെയ്യുന്നത്. മാത്രമല്ല, ക്ഷേത്രത്തിൽ നിർമാണ പ്രവർത്തനം പാടില്ലെന്ന കോടതി ഉത്തരവും നിലവിലില്ല. ഒരു വിഭാഗം ആളുകളുടെ ഇത്തരത്തിലുള്ള വ്യാജപ്രചരണം രാഷ്ട്രീയ മുതലെടുപ്പിനു കൂടി വേണ്ടിയാന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.






