19 November, 2025 07:32:56 PM


ക്ഷേത്രമൈതാനത്ത് നിർമാണം തടസപ്പെടുത്തി കൊടി കുത്തിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ

-പി എം മുകുന്ദന്‍



കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രമൈതാനത്ത് പ്രിൽഗ്രിം ഷെൽട്ടർ നിർമാണത്തിനെതിരെ ഒരു വിഭാഗം ആളുകൾ കൊടി കുത്തി പ്രതിഷേധിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച നിർമാണ പ്രവർത്തനങ്ങൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുനരാരംഭിച്ചു. ഏറ്റുമാനൂർ ക്ഷേത്രത്തിലെ മുൻ ഉപദേശക സമിതിയംഗം കെ എസ് രഘുനാഥൻ നായർ നൽകിയ ഹർജിയിലാണ് ഉത്തരവ്.                                                 

ഏറ്റുമാനൂരിൽ പുതുതായി രൂപം കൊണ്ട വികസനസമിതിയെന്ന സംഘടനയുടെ പേരിൽ ബിജെപി പ്രവർത്തകർ ഉൾപ്പെട്ട സംഘമാണ് കൊടി കുത്തി നിർമാണപ്രവർത്തനം തടസപ്പെടുത്തിയത്. ഈ സംഘത്തിൽ ക്ഷേത്രത്തിനുള്ളിൽ ജീവനക്കാരനെന്ന പേരിൽ സ്ത്രീകളോട് അപമാര്യാദയായി പെരുമാറിയയാളും ബിജെപി പ്രതിനിധിയായ നഗരസഭ കൗൺസിലറും പങ്കെടുത്തത് വിവാദമായിരുന്നു.  


ഉത്സവം ഉള്‍പ്പെടെയുളള ചടങ്ങുകളില്‍ സമാന്തര കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ നടപടിയും വിവാദമായിരുന്നു. എന്നാൽ ഇത്തരം സമാന്തര സമിതികളുടെ ഇടപെടൽ ക്ഷേത്രത്തിനുള്ളിൽ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

പതിറ്റാണ്ടുകളായി ഏറ്റുമാനൂർ ക്ഷേത്രസന്നിധിയിൽ നടന്നു വരുന്ന ചിറപ്പ് മഹോത്സവം ഭംഗിയാക്കുവാനും അമിതചെലവ് ഒഴിവാക്കുവാനുമായി ഉപദേശക സമിതിയുടെ അപേക്ഷ മാനിച്ചാണ് പിൽഗ്രിം ഷെൽറ്റർ നിർമ്മിക്കുന്നതിൽ വകുപ്പ് മന്ത്രി വി എൻ വാസവൻ ഇടപെട്ടത്. എന്നാൽ വ്യാജപ്രചാരണങ്ങൾ നടത്തി ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രഭൂമിയിൽ കൊടി കുത്തുകയും പണികൾ തടസപ്പെടുത്തുകയും ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് ഉപദേശകസമിതി കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ല. 

പ്രതിഷേധക്കാർക്ക് കൂട്ട് നിൽക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി കെ രാജൻ, സെക്രട്ടറി മഹേഷ്‌ രാഘവൻ, വൈസ് പ്രസിഡന്റ് കെ എൻ ഭുവനേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടിരുന്നു. അതേസമയം വൃശ്ചികം ഒന്ന് മുതൽ ചിറപ്പ് മണ്ഡപം താത്കാലികമായി കല്യാണമണ്ഡപത്തിലേക്ക് മാറ്റി. ഇതിനിടെയാണ് ഹൈക്കോടതി ഉത്തരവ് വരുന്നതും പ്രിൽഗ്രിം  ഷെൽട്ടർ നിർമാണം പുനരാരംഭിക്കുന്നതും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K