21 November, 2025 01:34:46 PM


മന്ത്രിയെ പുകഴ്ത്തി സംസാരിച്ചു; സീറ്റ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് റിബലായി മത്സരരംഗത്ത്



ഏറ്റുമാനൂര്‍: മന്ത്രിയെ പുകഴ്ത്തി സംസാരിച്ചതിന്‍റെ പേരില്‍ സീറ്റ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് നഗരസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകനും ഏറ്റുമാനൂര്‍ എസ്എംഎസ്എം ലൈബ്രറി സെക്രട്ടറിയുമായ അഡ്വ പി.രാജീവ് ആണ് ഏറ്റുമാനൂര്‍ നഗരസഭ 321-ാം വാര്‍ഡില്‍ നിന്നും ജനവിധി തേടുന്നത്.


താന്‍ സെക്രട്ടറിയായ ലൈബ്രറിയ്ക്ക് ഒട്ടനവധി സഹായങ്ങള്‍ ചെയ്ത മന്ത്രി വി.എന്‍.വാസവനെ യോഗത്തില്‍ പുകഴ്ത്തി സംസാരിച്ചത് പാര്‍ട്ടി നേതൃത്വത്തില്‍ അതൃപ്തി ഉണ്ടാക്കിയെന്നാണ് രാജീവ് പറയുന്നത്. തിരഞ്ഞെടുപ്പില്‍ വാര്‍ഡ് കമ്മറ്റി സ്ഥാനാര്‍ഥിയായി അംഗീകരിച്ച തന്നെ തഴഞ്ഞ് മറ്റൊരാളെ മത്സരരംഗത്ത് ഇറക്കിയതിന് പിന്നിലുള്ള കാരണവും ഇതുതന്നെയാണെന്ന് രാജീവ് കുറ്റപ്പെടുത്തുന്നു.


'പാര്‍ട്ടി വേദിയിലല്ല താന്‍ മന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്. എല്ലാ രാഷ്ട്രീയ കക്ഷികളും മതവിശ്വാസികളും അംഗങ്ങളായ ലൈബ്രറിയുടെ ചടങ്ങിലാണ്. നാടിനും നാട്ടുകാര്‍ക്കും നല്ലത് ചെയ്യുന്നത് ആരായാലും അവര്‍ പാര്‍ട്ടിയോ മതമോ നോക്കാതെ അംഗീകരിക്കപ്പെടണം' - രാജീവ് പറയുന്നു. കഴിഞ്ഞ 39 വര്‍ഷമായി പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ താന്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വാര്‍ഡ് കമ്മറ്റി അംഗീകരിച്ചിട്ടും തന്നെ തഴഞ്ഞ് വാര്‍ഡുമായി യാതൊരു ബന്ധവുമില്ലാത്തയാളെയാണ് പാര്‍ട്ടി മത്സരരംഗത്തിറക്കിയിരിക്കുന്നതെന്നും രാജീവ് കുറ്റപ്പെടുത്തുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K