21 November, 2025 06:01:20 PM
ഏറ്റുമാനൂരിൽ ബിജെപി ഔദ്യോഗിക സ്ഥാനാർഥിക്ക് ബിജെപി കൗൺസിലർ റിബൽ

ഏറ്റുമാനൂർ : നഗരസഭാ 34-ാം വാർഡിൽ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥി കൂടിയായ നഗരസഭാ കൗൺസിലർക്കെതിരെ നഗരസഭയിലെ മറ്റൊരു ബിജെപി കൗൺസിലർ റിബലായി മത്സരരംഗത്ത്. നേരത്തെ 33-ാം വാർഡായിരുന്ന 34-ാം വാർഡ് ഇക്കുറി ജനറൽ സീറ്റാണ്. ഇവിടെ നിലവിലെ കൗൺസിലർ രശ്മി ശ്യാം തന്നെയാണ് ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥി. രശ്മിക്കെതിരെ ഇപ്പോൾ റിബലായി എത്തിയിരിക്കുന്നത് 35-ാം വാർഡിലെ കൗൺസിലറായ സുരേഷ് വടക്കേടമാണ്.
സുരേഷ് ബിജെപി പ്രതിനിധിയായാണ് 35-ാം വാർഡിൽ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചത്. ഇക്കുറി ഈ വാർഡ് 36 ആയി മാറി. വനിതാ സംവരണമായതോടെ സുരേഷിന് മത്സരിക്കാൻ പറ്റാതെയുമായി. ഇതോടെ ജനറൽ സീറ്റായി മാറിയ 34ൽ അവസരം ലഭിക്കുമെന്നായിരുന്നു സുരേഷിൻ്റെ പ്രതീക്ഷ. തന്നെ തഴഞ്ഞ് ഇവിടെ സീറ്റ് വനിതയ്ക്ക് കൊടുത്തതിൽ പ്രതിഷേധിച്ച് കൂടിയാണ് സുരേഷ് വടക്കേടം അങ്കത്തിനിറങ്ങിയത്.
കേരള സീനിയർ ലീഡേഴ്സ് സംസ്ഥാന പ്രസിഡണ്ടും ജനകീയ വികസന സമിതി പ്രസിഡണ്ടുമായ ബി. രാജീവ് 34-ാം വാർഡിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്തുണ്ട്.






