22 November, 2025 09:43:27 AM


യുഡിഎഫിന് സ്ഥാനാർഥിയില്ല; ഏറ്റുമാനൂരിൽ എൽഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്നു



ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭാ 35 -ാം വാർഡിൽ (കണ്ണാറമുകൾ) അങ്കം എൽഡിഎഫ്, ബിജെപി സ്ഥാനാർഥികൾ തമ്മിൽ. യുഡിഎഫ് ഈ വാർഡിൽ സ്ഥാനാർഥിയെ നിർത്താതെ വന്നതോടെയാണിത്. എൽഡിഎഫിൽ നിന്നും കേരളാ കോൺഗ്രസ് (എം) പ്രതിനിധിയായി ത്രേസ്യാമ്മ ജോണും ബിജെപിയുടെ ഉഷാ സുരേഷും മാത്രമാണ് മത്സരരംഗത്തുള്ളത്.

ഏറ്റുമാനൂർ പഞ്ചായത്ത് ആയിരിക്കെ 1990-95 കാലഘട്ടത്തിൽ ഈ പ്രദേശത്തെ പ്രതിനിധീകരിച്ചുള്ള മെമ്പറായിരുന്നു ത്രേസ്യാമ്മ. 2002 മുതൽ സിഡിഎസ് പ്രവർത്തകയാണ്. 35-ാം വാർഡിലെ തന്നെ സഹൃദയ റസിഡൻ്റ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റും റസിഡൻ്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയുടെ ജില്ലാ നേതാവുമാണ്. വയോമിത്രം, പാലിയേറ്റീവ് കെയർ തുടങ്ങി വിവിധ മേഖലകളിൽ സജീവയായ ത്രേസ്യാമ്മയുടെ സ്ഥാനാർഥിത്വം നിലവിലെ കൗൺസിലർ ഉഷാ സുരേഷിന് വെല്ലുവിളി ആയി മാറിയിട്ടുണ്ട്.

കോൺഗ്രസ് അനുഭാവിയായിരുന്ന ഉഷാ സുരേഷ് 2015 ൽ ഏറ്റുമാനൂർ നഗരസഭ ആയി ഉയർത്തപ്പെട്ട ശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചു ജയിക്കുകയായിരുന്നു. യുഡിഎഫിൻ്റെ ഉറപ്പ്  സീറ്റായിരുന്നു ഇത്. എന്നാൽ വാർഡ് വനിതാസംവരണമായി മാറിയതും യുഡിഎഫിന് ഇതേ വാർഡിൽ നിന്നും ഒരു സ്ഥാനാർഥിയെ നിർത്താൻ കഴിയാതിരുന്നതും ബിജെപിയ്ക്ക് അനുകൂലഘടകമായി. കഴിഞ്ഞ ഇലക്ഷനിൽ ജനറൽ വാർഡ് ആയിട്ടും ജനസമ്മതനായ നല്ലൊരു സ്ഥാനാർഥിയെ കണ്ടെത്തി മത്സരിപ്പിക്കാൻ യുഡിഎഫിനായില്ല. എൽഡിഎഫ് സ്ഥാനാർഥിയായി വാർഡുമായി ബന്ധമില്ലാത്തയാൾ കൂടി രംഗത്ത് വന്നതോടെ ഉഷയ്ക്ക് അൽപം കഷ്ടപ്പെട്ടാണെങ്കിലും വീണ്ടും ജയം ഉറപ്പിക്കാനായി.

എന്നാൽ ഇക്കുറി യുഡിഎഫിന് സ്ഥാനാർഥിയെ കണ്ടെത്താൻ പറ്റാതെ വന്നതും വാർഡിന് ചിരപരിചിതയായ ത്രേസ്യാമ്മ എൽഡിഎഫ് സ്ഥാനാർഥിയായതും ബിജെപി പാളയത്തിൽ വലിയ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലെ വികസനമുരടിപ്പും സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളുമാണ് ബിജെപി പ്രചരണായുധമാക്കുന്നത്. അതേസമയം, ഉഷാ സുരേഷ് നേതൃത്വം നൽകുന്ന പടിഞ്ഞാറെ നട കുടിവെള്ള പദ്ധതിക്കെതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളും വാർഡിലെ നിർമാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളുമാണ് എൽഡിഎഫ് പ്രധാന പ്രചാരണ ആയുധമാക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K