27 March, 2026 09:03:27 AM
നീണ്ടൂർ പ്ലാസാ ബാറിനു മുന്നിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; നാലു പേർ പിടിയിൽ

ഏറ്റുമാനൂർ: ഏറ്റുമാനൂർ നീണ്ടൂർ പ്ലാസാ ബാറിന് സമീപം മാരകായുധങ്ങളുമായി സംഘർഷം സൃഷ്ടിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.കേസിൽ പ്രതികളായ നീണ്ടൂർ മാഡം പറമ്പിൽ ഹൗസ് ഷിബിൻ എം എസ് (25) , ഏറ്റുമാനൂർ കൈപ്പുഴ മണ്ണു പറമ്പിൽ ഹൗസിൽ മോബിൻ സിറിയാക് (35), കുറുപ്പുംപടി കുന്നപ്പള്ളി ഹൗസ് ഹരികൃഷ്ണൻ കെ വി (26), കുറുപ്പംപടി വെങ്ങോർ കോഴിക്കാടൻ ഹൗസ് ശ്രീജിത് സജീവ് (23) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നീണ്ടൂർ പ്ലാസാ ബാറിന്റെ മുൻവശത്തെ പാർക്കിംഗ് ഏരിയയിൽ മാരകായുധങ്ങളുമായി സംഘർഷം സൃഷ്ടിച്ച കേസിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാർച്ച് 24 ന് രാത്രി 10.00 മണിയോടെയാണ് സംഭവം. പ്രതികൾ പരസ്പരം തമ്മിലടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒന്നാം പ്രതി വടിവാൾ ആകാശത്തേക്ക് ചുഴറ്റിയും തറയിൽ ഉരച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടാം പ്രതി പെപ്പർ സ്പ്രേ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും മൂന്നാം പ്രതി ബിയർ കുപ്പി ഉപയോഗിച്ച് ഒരാളെ ആക്രമിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) യിലെ വിവിധ വകുപ്പുകൾ Arms Act എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് പ്രതികളായ രമേഷ്, ബിനു, രഞ്ജിത് എന്നിവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അറസ്റ്റിലായ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇതിൽ കൊലപാതകശ്രമം, കവർച്ച, ലഹരിവസ്തു നിയമലംഘനം, പൊതുസ്ഥലങ്ങളിൽ അക്രമം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ഉൾപ്പെടുന്നു.





