24 June, 2026 07:22:04 PM
ഡോക്ടറില്ല; പനി നോക്കാൻ തെർമോമീറ്ററുമില്ല: രോഗികൾ മടങ്ങുന്നു

ഏറ്റുമാനൂർ: പനി നോക്കാൻ തെർമോമീറ്റർ പോലും ഇല്ലാതെ ഒരു സർക്കാർ ആശുപത്രി. പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ഡോക്ടറുടെ സേവനം ലഭിക്കാതെ രോഗികൾ മടങ്ങുന്നു. ഏറ്റുമാനൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഹോമിയോ ആശുപത്രിയിൽ എത്തിയ രോഗികളാണ് ഈ ഗതികേട് നേരിട്ടത്.
ഒരാഴ്ച മുമ്പ് ആശുപത്രിയിൽ എത്തിയ ഏറ്റുമാനൂർ സ്വദേശി രോഗിയെ ഡോക്ടർ പരിശോധിച്ചെങ്കിലും പനിയുണ്ടോന്നു നോക്കാൻ കഴിഞ്ഞില്ല. തെർമോമീറ്റർ കേടാണെന്നായിരുന്നു കാരണം പറഞ്ഞത്. മരുന്ന് വാങ്ങി തിരികെ പോയ രോഗി അഞ്ചാം ദിവസം പരിശോധനക്കായി വീണ്ടും ചെന്നു. അന്ന് ഡോക്ടർ ഉണ്ടായിരുന്നില്ല. ഇന്ന് വീണ്ടും ചെന്നപ്പോഴും ഡോക്ടർ ഇല്ലാത്ത അവസ്ഥ. ഇതോടെ തുടർ ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നു രോഗിക്ക്.
ആഴ്ചയിൽ രണ്ടു ദിവസം മാത്രമുള്ള ഒരു ഡോക്ടർ ഉൾപ്പെടെ രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാകേണ്ട ആശുപത്രിയാണിത്. ഡോക്ടർമാർ ഇല്ല എന്ന ആരോപണം ഏത് സാഹചര്യത്തിൽ സംഭവിച്ചതാണെന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് നഗരസഭാ ചെയർമാൻ ടോമി കുരുവിള പുളിമാൻതുണ്ടം, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മാത്യു വാക്കത്തുമാലി എന്നിവർ പറഞ്ഞു.





