04 July, 2026 09:44:39 AM
ഒരുവശത്ത് സംരക്ഷണം, മറുവശത്ത് നശീകരണം; ചെടികൾ വെട്ടിനശിപ്പിച്ച നഗരസഭാ കൗൺസിലർക്കെതിരെ പരാതി

ഏറ്റുമാനൂർ: പ്രകൃതിസംരക്ഷണവും സൗന്ദര്യവത്ക്കരണവും ലക്ഷ്യമിട്ട് നാട്ടുകാർ നിരത്തുവക്കിൽ നട്ടുപിടിപ്പിച്ച അലങ്കാര ചെടികളും ഔഷധസസ്യങ്ങളും വെട്ടിനശിപ്പിച്ച നഗരസഭാ കൗൺസിലറുടെ നടപടി വിവാദത്തിൽ. ഏറ്റുമാനൂർ നഗരസഭ 35-ാം വാർഡിലെ ശക്തിലെയ്നിലാണ് സംഭവം. മഴക്കാലപൂർവശുചീകരണത്തിന്‍റെ മറവിൽ തൊഴിലുറപ്പ് തൊഴിലാളികളെയും കൂട്ടിവന്ന് വാർഡ് കൗൺസിലർ ഉഷാ സുരേഷ് ചെടികൾ വെട്ടിനശിപ്പിച്ചതിനെതിരെ പ്രദേശവാസിയായ വട്ടമലയിൽ വി.എൻ. രാജപ്പൻ നഗരസഭാ അധികൃതർക്ക് പരാതി നൽകി.
സ്വകാര്യവ്യക്തികൾ ഈ റോഡരികിൽ നട്ടുപിടിപ്പിച്ച ചെടികളെല്ലാം കൗൺസിലർ നശിപ്പിച്ചത് വ്യക്തിവിരോധത്തിന്‍റെയും രാഷ്ട്രീയ പകപോക്കലിന്‍റെയും ഭാഗമാണെന്ന് പരാതിക്കാരൻ പറയുന്നു. പ്രദേശവാസികള്‍ക്ക് സ്ഥലം വാങ്ങിയപ്പോൾ സ്വകാര്യ വഴിയായി ഉപയോഗിക്കുന്നതിന് അവകാശം ലഭിച്ചതാണ് ശക്തിലെയ്ന്‍ എന്ന് പേരിട്ടിരിക്കുന്ന റോഡെന്നും ഈ അവകാശം നഗരസഭക്ക് രേഖാമൂലം വിട്ടൊഴിഞ്ഞ് നൽകാത്തിടത്തോളം കാലം തങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ കൗൺസിലർക്കോ നഗരസഭയ്ക്കോ അധികാരമില്ലെന്നും പരാതിക്കാരൻ ചൂണ്ടികാട്ടുന്നു.
സ്വകാര്യവഴിയായിരിക്കെതന്നെ, നഗരസഭാ ആസ്തിരജിസ്റ്ററിൽ ചേർക്കാതെ റോഡ് ടാർ ചെയ്തതും പിന്നീട് പ്രദേശവാസികൾ കുടിവെള്ളവിതരണത്തിന് പൈപ്പിട്ടത് വാർഡ് കൗൺസിലർ തടഞ്ഞതും ഏറെ വിവാദമായിരുന്നു. ഇതിനുശേഷം കൗൺസിലർ റോഡ് ആസ്‌തി രജിസ്റ്ററിൽ എഴുതി ചേർത്തുവെങ്കിലും തങ്ങളുടെ അവകാശം പ്രദേശവാസികളാരും രേഖാമൂലം വിട്ടൊഴിഞ്ഞു കൊടുത്തിട്ടില്ലെന്നും രാജപ്പൻ പറയുന്നു.
നിരത്തുവക്കുകൾ മോടിപിടിപ്പിക്കുന്നതും പ്രകൃതി സംരക്ഷണത്തിനുമായി സർക്കാർ തന്നെ മുൻകൈ എടുത്ത് പദ്ധതികൾ പ്രാവർത്തികമാക്കി വരുന്നതിനിടെയാണ് കൗൺസിലറുടെ ഈ നടപടി. നഗരസഭാ കൗണ്‍സിലിന്‍റെ തീരുമാനം ഇല്ലാതെയും തങ്ങള്‍ക്ക് നോട്ടീസ് നല്‍കാതെയും കൗണ്‍സിലര്‍ ചെടികള്‍ വെട്ടിനശിപ്പിച്ചത് വീട്ടില്‍ ആളില്ലാത്ത നേരത്തായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ റോഡിലല്ലാതെ വാർഡിൽ മറ്റൊരിടത്തും ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭാ ചെയർമാൻ ടോമി കുരുവിള പുളിമാൻതുണ്ടം സ്ഥലം സന്ദർശിച്ചു. ഏകപക്ഷീയമായ രീതിയിലുള്ള കൗൺസിലറുടെ ഈ നടപടി തെറ്റായിപോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.





