13 June, 2026 08:01:06 AM
ഏറ്റുമാനൂർ ഉത്സവക്രമക്കേട്: ഉദ്യോഗസ്ഥനിൽനിന്ന് തുക തിരികെ പിടിക്കാൻ നിർദേശം
- അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സമാന്തരസമിതിയും ചേർന്നാണ് അഴിമതിക്ക് കളമൊരുക്കുന്നതെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 2025-ലെ ഉത്സവവുമായി ബന്ധപ്പെട്ട് ആന എഴുന്നള്ളിപ്പിൽ വൻ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് ഉത്തരവിട്ടു.
ഗുരുവായൂരിൽ നിന്ന് 62 ആനകളെ എഴുന്നള്ളിപ്പിനായി ബുക്ക് ചെയ്യാൻ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അരവിന്ദ് എസ്.ജി.നായർ ബോർഡിൽ നിന്ന് 25 ലക്ഷം രൂപ മുൻകൂറായി കൈപ്പറ്റിയതാണ് ഏറ്റവും വലിയ തട്ടിപ്പായി ചൂണ്ടി കാണിക്കപ്പെട്ടത്. കൂപ്പൺ പിരിവിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഇത് തിരിച്ചടയ്ക്കുമെന്നായിരുന്നു വ്യവസ്ഥ. ഇതിനായി 31.25 ലക്ഷം രൂപയുടെ കൂപ്പണുകൾ ദേവസ്വം ബോർഡിൽ നിന്ന് സീൽ ചെയ്ത് വാങ്ങുകയും ചെയ്തു.
എന്നാൽ കൂപ്പൺ വിറ്റതിലൂടെ 20.40 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നായിരുന്നു വിശദീകരണം. പിരിഞ്ഞുകിട്ടിയ തുക ബോർഡിൽ അടയ്ക്കുന്നതിന് പകരം, മുൻകൂർ വാങ്ങിയ 25 ലക്ഷം രൂപ ഉത്സവച്ചെലവുകളിൽ വരവ് വെക്കാൻ ഉദ്യോഗസ്ഥൻ അപേക്ഷ നൽകിയതിലും ഏറെ ദുരൂഹതയുളവാക്കിയിരുന്നു.
ആനകളുടെ എണ്ണത്തിലും വാടകയിലും വൻ ക്രമക്കേട് നടന്നതായാണ് മറ്റൊരു കണ്ടെത്തൽ. ബോർഡിൽ അറിയിച്ച പ്രകാരം ഗുരുവായൂരിൽ നിന്ന് 62 ആനകളെ എഴുന്നള്ളിപ്പിന് എത്തിച്ചില്ലെന്ന് വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. മാത്രമല്ല, ഒരേ ആനകൾക്കായി വിവിധ സ്പോൺസർമാരിൽ നിന്ന് വലിയ തുക ഈടാക്കുകയും, ആന ഉടമകൾക്ക് തുച്ഛമായ വാടക മാത്രം നൽകി കബളിപ്പിക്കുകയും ചെയ്തതായി ആരോപണമുണ്ട്.
വിജിലൻസ് എസ്.പി വി.സുനിൽ കുമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ചട്ടം മറികടന്ന് മുൻകൂർ പണം അനുവദിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തി. അരവിന്ദ് എസ്.ജി.നായരിൽ നിന്ന് ഈ 25 ലക്ഷം രൂപ ഉടൻ തിരികെ ഈടാക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്. തുടർ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇതിനിടെ ഉത്സവനടത്തിപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച് ഒരു ഭക്തൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് വിജിലൻസ് അന്വേഷണം ആരംഭിച്ചതായാണ് അറിയുന്നത്.
അതേസമയം, ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർഷങ്ങളായി തുടർന്നു വരുന്ന ഒന്നാണെന്ന് വിവിധ ഹൈന്ദവ സംഘടനകളും ഭക്തരും ചൂണ്ടികാട്ടുന്നു. ആനയുടെ കാര്യത്തിൽ മാത്രമല്ല, ഉത്സവബലി ഉൾപ്പെടെ വഴിപാടുകളിലും കലാപരിപാടികളുടെയും മറ്റ് ചടങ്ങുകളുടെയും നടത്തിപ്പിലും വൻ ക്രമക്കേടുകളാണ് നടന്നുവരുന്നത്. ക്ഷേത്രത്തിൽ മുമ്പ് ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ ഉത്സവമാകുമ്പോൾ ഡെപ്യൂട്ടേഷൻ വാങ്ങി വീണ്ടും എത്തുന്നത് ഇതിൻ്റെ മറ്റൊരു ഭാഗമാണെന്നും നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
നോട്ടീസിൽ പേര് വെക്കുന്നതല്ലാതെ ഉത്സവനടത്തിപ്പിൽ തങ്ങൾക്ക് കാര്യമായ റോളുകൾ കിട്ടാറില്ലെന്നാണ് ക്ഷേത്രത്തിലെ ഉപദേശകസമിതി അംഗങ്ങൾ പറയുന്നത്. അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറും അദ്ദേഹത്തോടൊപ്പമുള്ള ഒരു സമാന്തരസമിതിയും ചേർന്നാണ് ഇത്തരത്തിലുള്ള അഴിമതികൾക്ക് കളമൊരുക്കുന്നതെന്ന് ഉപദേശക സമിതി സെക്രട്ടറി മഹേഷ് രാഘവൻ ആരോപിച്ചു. ഉത്സവത്തോടനുബന്ധിച്ച് വഴിപാടുകാരിൽ നിന്ന് വൻതുക കൈക്കൂലി വാങ്ങുന്നുവെന്നതും മറ്റൊരു ആരോപണമാണ്. ഇത്തരത്തിൽ അഴിമതി നടത്തിയ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറുടെ ജോലി നഷ്ടപ്പെട്ട സംഭവവും ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഉണ്ടായിട്ടുണ്ട്.





