30 May, 2026 05:04:38 AM
ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ കാര്‍ തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ 'മുങ്ങി'

ഏറ്റുമാനൂര്‍: സെന്‍ട്രല്‍ ജംഗ്ഷനില്‍ കാര്‍ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു. വാഹനത്തിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരനെ രക്ഷിച്ച് പുറത്തെത്തിച്ചെങ്കിലും കാര്‍ മാറ്റിയിട്ട സമയത്തിനുള്ളില്‍ ഇയാള്‍ മുങ്ങി. ശനിയാഴ്ച പുലര്‍ച്ചെ 12.30നായിരുന്നു അപകടം. എം.സി.റോഡില്‍ ക്ഷേത്രം ഭാഗത്തുനിന്നും എത്തിയ കാര്‍ പോലീസ് സ്റ്റേഷനു തൊട്ടുമുന്നിലെ ഡിവൈഡറില്‍ തട്ടി വട്ടം കറങ്ങി തലകീഴായി മറിയുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ പോലീസുകാര്‍ ഉള്‍പ്പെടെയാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയ മധ്യവയസ്കനായ യാത്രക്കാരനെ പുറത്തെടുത്തത്. ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് പ്രത്യക്ഷത്തില്‍ സാരമായ പരിക്കുണ്ടായിരുന്നില്ല. ഗതാഗതം സ്തംഭിക്കുക കൂടി ചെയ്തതോടെ യാത്രക്കാരനെ തൊട്ടടുത്ത കടതിണ്ണയിലിരുത്തിയ ശേഷം പോലീസ് വാഹനം റോഡില്‍നിന്ന് മാറ്റിയിടാനായി നീങ്ങി. ഈ സമയം, ഇയാള്‍ ഇരുട്ടില്‍ മറയുകയായിരുന്നു.

പോലീസ് സ്റ്റേഷന്‍റെ ഭാഗത്തുകൂടിയുള്ള വഴിയിലൂടെ ഇയാള്‍ നടന്നുകയറിയെന്നറിഞ്ഞ പോലീസ് പരസരം മുഴുവന്‍ തപ്പിയെങ്കിലും ഇയാളെ കണ്ടുകിട്ടിയില്ല. തെള്ളകം സ്വദേശിയുടെതെന്നു കരുതുന്ന KL05 AW 4200 നമ്പര്‍ കാറാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.





